പട്ടയ മിഷൻ ഉദ്ഘാടനം ഇന്നു കോട്ടയത്ത്
കോട്ടയം : അർഹരായ മുഴുവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള നടപടികൾ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ദൗത്യമായ പട്ടയ മിഷന്റെ സംസ്ഥാന തല ഉദ്ഘാടനവും ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലും ഇ-ഓഫീസ് നടപ്പിലാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നു ( മേയ് 19 ) രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. ജില്ലയിൽ അർഹരായവർക്കുള്ള 256 പട്ടയങ്ങളും റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ചടങ്ങിൽ വിതരണം ചെയ്യും. കോട്ടയം താലൂക്കിൽ 34 എണ്ണം, വൈക്കം താലൂക്കിൽ 83, കാഞ്ഞിരപ്പള്ളി താലൂക്കിൽ 19, ചങ്ങനാശേരി താലൂക്കിൽ 12, മീനച്ചിൽ താലൂക്കിൽ 42 പട്ടയങ്ങളും 66 ദേവസ്വം പട്ടയങ്ങളും അടക്കം 256 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് വിശിഷ്ടാതിഥി ആയിരിക്കും.
എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി.കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ലാൻഡ് ബോർഡ് ജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ , ജില്ലാ കളക്ടർ ഡോ. .പി.കെ. ജയശ്രീ , കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം ജയ്മോൾ ഏബ്രഹാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസ്സൽ, വി.ബി. ബിനു ,നാട്ടകം സുമേഷ്, ലോപ്പസ് മാത്യൂ , ബെന്നി മൈലാറ്റൂർ, എം.ടി. കുര്യൻ, സജി മഞ്ഞക്കടമ്പൻ , സാജൻ, ആലക്കുളം ,പി.ഒ വർക്കി, ജിയാഷ് കരീം, റഫീക്ക് മണിമല, ലിജിൻലാൽ , മാത്യൂസ് ജോർജ് എന്നിവർ പ്രസംഗിക്കും.
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും ഭൂമിയുടെ രേഖയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷന്റെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർ, മലയോര കർഷകർ, പട്ടികജാതി, മത്സ്യത്തൊഴിലാളി കോളനികളിൽ താമസിക്കുന്നവർ എന്നി വർക്കാണ് ആദ്യ ഘട്ടത്തിൽ അടിയന്തര പ്രാധാന്യത്തോടെ പട്ടയം നൽകുന്നത്. സംസ്ഥാന, ജില്ലാ, താലൂക്ക്, വില്ലേജ് തലങ്ങളിൽ ഇതിനായി ദൗത്യ സംഘങ്ങളെ നിയോഗിച്ചായിരിക്കും പട്ടയം മിഷന്റെ പ്രവർത്തനം
- Log in to post comments