Skip to main content
ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനം; ജില്ലയിൽ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു

 

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ റാലി നാര്‍ക്കോട്ടിക്സ് സെല്‍ അസ്സിസ്റ്റന്‍റ് കമ്മീഷണര്‍ പ്രകാശന്‍ പി.പടന്നയില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ആരോഗ്യവകുപ്പിലേയും ദേശീയ ആരോഗ്യ ദൗത്യത്തിലേയും ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പോലീസ് കാഡറ്റുകള്‍, വ്യാപാരി വ്യവസായികള്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച റാലി കോഴിക്കോട് ബീച്ചില്‍ അവസാനിച്ചു. റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് ഹെല്‍ത്ത് ആന്‍റ് ഫാമിലി വെല്‍ഫെയര്‍ ട്രെയിനിംഗ് സെന്‍ററിലെ വിദ്യാര്‍ത്ഥികള്‍ പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ കലക്ടറുടെ ഇന്‍റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മരണത്തിന്‍റെ പ്രതീകമായ കാലന്‍ നേരിട്ടെത്തി ജനങ്ങള്‍ക്ക് പുകയില വിരുദ്ധ സന്ദേശങ്ങള്‍ കൈമാറിയത് ജനങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി.

കുട്ടികളുടേയും യുവജനങ്ങളുടേയും പങ്കാളിത്തം ഉറപ്പു വരുത്തുവാനായി ഫെയിസ് പെയിന്‍റിംഗും ഓപ്പണ്‍ മൈക്കും സംഘടിപ്പിച്ചു. ട്രീ ഓഫ് ഹോപ്പ് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച പ്രതീകാത്മക മരത്തില്‍ നിരവധി പേര്‍ സന്ദേശങ്ങള്‍ എഴുതി. കൂടാതെ പുകയില വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ ആരോഗ്യ ബോധവല്‍ക്കരണ ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.

ജില്ലയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചും പുകയില വിരുദ്ധ ദിനത്തിന്‍റെ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 
ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) മുഹമ്മദ് മുസ്തഫ കെ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ഷാലിമ ടി, എന്‍.എച്ച്.എം കണ്‍സള്‍ട്ടന്‍റ് (ഡി ആൻഡ് സി) ദിവ്യ.സി എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.

date