കണ്ണൂര്‍ ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1190ലേറെ പേര്‍
ശക്തമായ മഴയിലുണ്ടായ ഉരുള്‍പൊട്ടലിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ഇരിട്ടി താലൂക്കില്‍ എട്ടും പയ്യന്നൂര്‍ താലൂക്കില്‍ ഒന്നും തളിപ്പറമ്പ് താലൂക്കില്‍ മൂന്നും തലശ്ശേരി താലൂക്കില്‍ മൂന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 1190ലേറെ പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇരിട്ടി വയത്തൂര്‍ വില്ലേജില്‍ അറബിക്കുളം (50 പേര്‍), പീടികക്കുന്ന് (8 പേര്‍), കോളിത്തട്ട് (40 പേര്‍), അയ്യന്‍കുന്ന് വില്ലേജിലെ കരിക്കോട്ടക്കരി സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ (268 പേര്‍), വാണിയപ്പാറ ഉണ്ണീശോ പള്ളി ഹാള്‍ (101 പേര്‍), കേളകം വില്ലേജിലെ കോളിത്തട്ട് ഗവ. എല്‍പി സ്‌കൂള്‍ (69 പേര്‍), കൊട്ടിയൂര്‍ വില്ലേജിലെ മന്തഞ്ചേരി എസ്എന്‍എല്‍പി സ്‌കൂള്‍ (213), നെല്ലിയോട് സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ (200 പേര്‍), തളിപ്പറമ്പ് ചെങ്ങളായി ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂള്‍ (22 പേര്‍), പന്നിയൂര്‍ മഴൂര്‍ എല്‍പി സ്‌കൂള്‍ (12 പേര്‍), വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപി സ്‌കൂള്‍ (45 പേര്‍), തലശ്ശേരി താലൂക്കിലെ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍ (39 പേര്‍), കണ്ടംകുന്ന് മെരുവമ്പായി യുപി സ്‌കൂള്‍ (27 പേര്‍), എരഞ്ഞോളി വടക്കുമ്പാട് ഗവ. എച്ച്.എസ്.എസ് (4 പേര്‍), പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്കാ പള്ളി (92 പേര്‍) എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇരിട്ടി താലൂക്കിലെ കൊട്ടിയൂര്‍ അമ്പായത്തോട് വനത്തില്‍ ഇന്നലെ രാവിലെയോടെ ഉരുള്‍പൊട്ടലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് നേരത്തേ തന്നെ പ്രദേശവാസികള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സൈന്യവും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അമ്പായത്തോട്, പാല്‍ചുരം, കൊട്ടിയൂര്‍- കേളകം മേഖലകളിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ജനങ്ങള്‍ക്കോ വീടുകള്‍ക്കോ അപകടമുണ്ടായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ആളുകളെ താമസിപ്പിക്കുന്നതിനായി രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചുവന്ന മരങ്ങള്‍ അമ്പായത്തോട് പാലത്തില്‍ കുടുങ്ങിയതിനാല്‍ പാലം അപകടാവസ്ഥയിലാണ്.
തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജില്‍ ബക്കളം ലക്ഷംവീട് കോളനിയില്‍ വീട് നിലംപൊത്തി. ഗുരുതരമായി പരിക്കേറ്റ കമലം (84) എന്നവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവപുരം വില്ലേജില്‍ കുണ്ടേരിപ്പൊയില്‍ 14 വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ബന്ധുവീടുകളിലേക്കും അയല്‍പക്കങ്ങളിലേക്കും മാറ്റി. വെള്ളാട് വില്ലേജില്‍ പാത്തന്‍പാറ തെക്കെ മുറിയില്‍ ജോസഫിന്റെ വീട് കനത്ത മഴയില്‍ പൂര്‍ണമായും തകര്‍ന്നു. ഇതേ വില്ലേജില്‍ നാലു വീടുകളും ന്യൂനടുവില്‍ വില്ലേജില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. എരുവേശ്ശി വില്ലേജിലെ കോട്ടക്കുന്ന് ബെന്നി എന്നയാളുടെ കിണര്‍ ഭാഗികമായി ഇടിഞ്ഞുതാണു. ഇതേവില്ലേജിലെ ചുണ്ടക്കുന്ന് തൊട്ടിയാല്‍ സതീശന്റെ നിര്‍മാണത്തിലിരിക്കുന്ന വീട് ഭാഗികമായി തകര്‍ന്നു.
കനത്ത മഴയില്‍ കാര്യങ്കോട് പുഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് ചെറുപുഴ പഞ്ചായത്തിലെ ഇടക്കോളനിയിലെയും കാനംവയല്‍ കോളനിയിലെയും കുടുംബങ്ങളെ വ്യാഴാഴ്ച ക്യാമ്പിലേക്ക് മാറ്റിയത്. പുഴയില്‍ വെള്ളം കയറിയതോടെ ഇടക്കോളനിയിലേക്കുള്ള മുളപ്പാലം ഒഴുകിപ്പോവുകയായിരുന്നു. ഇവിടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുണ്ട്. ഉദയഗിരി-ശാന്തിപുരം-അരിവിളഞ്ഞ പൊയില്‍ റോഡില്‍ കാലുങ്കിന്റെ അടിഭാഗം പൊട്ടിയതിനാല്‍ അങ്ങോട്ടുള്ള ഗതാഗതം നിരോധിച്ചു.
ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ബുധനാഴ്ച കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡിഎംഒ കെ നാരായണ നായിക്, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) എന്‍ കെ അബ്രഹാം, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളെടുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ക്രമസമാധാനം, വാഹനഗതാഗതം, ദുരിതാശ്വാസ സാധനങ്ങളുടെ സ്വീകരണവും വിതരണവും, ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുന്നതിനായി കുപ്പിവെള്ളവും ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും വസ്ത്രങ്ങളും കലക്ടറേറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥര്‍ ഇവ വിവിധ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായും നിരവധി പേര്‍ എത്തുന്നു.
- Log in to post comments