വകുപ്പുകള്‍ ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ദിശ അവലോകനയോഗം ചേര്‍ന്നു
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ- ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (ദിശ) അവലോകനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ നേതൃത്വം നല്കി. ഓരോ വകുപ്പും ഏറ്റെടുക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അക്ഷയ കേന്ദ്രങ്ങള്‍ വഴി വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി നടപ്പിലാക്കുന്നുണ്ടെങ്കിലും ഏതെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നത് എന്ന് പലപ്പോഴും പൊതുജനങ്ങള്‍ക്ക് അറിവില്ല. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എല്ലാ പ്രൊജക്ടുകളും കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കൊച്ചി സ്മാര്‍ട്ട് മിഷന് പദ്ധതിയുടെ ഭാഗമായി 213.36 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 531.9 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുന്നു. ജനറല്‍ ആശുപത്രി കാന്‍സര്‍ ബ്ലോക്ക്, ഭൂഗര്‍ഭ വൈദ്യുതി കേബിളിംഗ്, സിറ്റി സര്‍വെയ്ലന്‍സ്, തുരുത്തി ഹൗസിംഗ് ടവര്‍ നിര്‍മ്മാണം, എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചിയിലുമായി സ്മാര്‍ട്ട് റോഡുകള്‍, ഫോര്‍ട്ട്കൊച്ചിയിലെ വിവിധ റോഡുകള്‍ തുടങ്ങി 32 പദ്ധതികളാണ് സ്മാര്‍ട്ട് മിഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
സ്വച്ച് ഭാരത് മിഷന് ഫേസ് 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 57,13,400 രൂപയുടെ വ്യക്തിഗത ടോയ്ലറ്റ് പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. 29 പബ്ലിക് ടോയ്ലറ്റുകള്, വിവിധ ഖരമാലിന്യ പദ്ധതികള്‍ക്കായി 2.78 കോടി രൂപയുടെ പദ്ധതികളും ദ്രവമാലിന്യ പദ്ധതിക്കായി ഒരു കോടി രൂപയുടെ പദ്ധതികളും ഈ വര്‍ഷം ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ ഒഡിഎഫ് പ്ലസ്, ടേക്ക് എ ബ്രേക്ക്, സീറോ വേസ്റ്റ് @കൊച്ചി, സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍, മാലിന്യമുക്ത കേരളം തുടങ്ങിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ മേയ് 25 വരെ 1543 പ്രവൃത്തികളാണ് ഏറ്റെടുത്തിട്ടുള്ളത്. 1559.72 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. 2,28,740 തൊഴില്‍ ദിനങ്ങളാണ് ജില്ലയില്‍ മേയ് വരെ നല്‍കിയിട്ടുള്ളത്.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലുള്‍പ്പെട്ട ആര്‍ദ്രം മിഷന് മൂന്നാം ഘട്ടത്തില്‍ 23 ആരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബാരോഗ്യങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 39 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായിട്ടുണ്ട്.
സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 37 പ്രീ പ്രൈമറി വിദ്യാലയങ്ങളില്‍ വര്‍ണ്ണ കൂടാരം എന്ന പേരില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. 10 വിദ്യാലയങ്ങളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു.
കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതികളായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന, പി.എം.എ.വൈ, ദേശീയ സാമൂഹ്യ സുരക്ഷാ പെന്ഷന്, നാഷണല്‍ അര്‍ബന്‍ ലൈവ്ലി ഹുഡ് മിഷന്, അമൃത് പ്രൊജക്റ്റ്, ആര്.ഡി.എസ്.എസ് പദ്ധതി, കൃഷി ഉന്നതി യോജന പദ്ധതി, ഐ.സി.ഡിഎസ്, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, ദേശീയ നഗര ഉപജീവന പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷന്, മിഡ് ഡേ മീല്‍സ് സ്കീം, എം.പി ലാന്‍ഡ്സ്, ദീന് ദയാല്‍ അന്ത്യോദയ യോജന തുടങ്ങിയ വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ അവലോകന ചെയ്തു.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ (സാഗി) മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരം നല്കി ആദരിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, വൈസ് പ്രസിഡന്റ് പി.എ സഗീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജേക്കബ് ബേസില്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.
എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ എസ്.ശ്യാമലക്ഷ്മി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments