Skip to main content

മിനിമം വേതനം പുതുക്കല്‍: തെളിവെടുപ്പ് ഈ മാസം തുടങ്ങും- മന്ത്രി വി ശിവന്‍കുട്ടി

കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഏഴ് മാസത്തിനകം പുതുക്കി നിശ്ചയിക്കുന്നതിന് നടപടിയാകുമെന്ന് തൊഴില്‍- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൂലി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ തെളിവെടുപ്പ് നടത്തുന്നതിന് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 22 ന് തിരുവനന്തപുരത്തും ജൂലൈ 31 ന് കൊല്ലത്തും ഓഗസ്റ്റ് നാലിന് ആലപ്പുഴയിലും ഫാക്ടറികള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. കശുവണ്ടി വ്യവസായ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്ന കശുവണ്ടി വ്യവസായ ബന്ധ സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് എട്ടിന് കൊല്ലത്ത് പൊതുവായ ഒരു തെളിവെടുപ്പും നടത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അടഞ്ഞു കിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാനും നിലവില്‍ പ്രവര്‍ത്തിക്കുന്നവ ലാഭകരമായി നടത്താന്‍ കഴിയുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിന് ഒരു വിദഗ്ധ സമിതി സര്‍ക്കാര്‍ രൂപീകരിക്കുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, 200 ദിവസം തൊഴില്‍ നല്‍കുക, കശുവണ്ടിയുടെ ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് സമിതി പരിശോധിക്കുക.

കശുവണ്ടി മേഖലയ്ക്ക് ബജറ്റില്‍ അനുവദിച്ച 37 കോടി രൂപ വിനിയോഗിച്ച് അടഞ്ഞു കിടക്കുന്ന സ്വകാര്യ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഉണ്ടായിരുന്ന ഗ്രാറ്റുവിറ്റി കുടിശിക 84 കോടി രൂപ കൊടുത്തു തീര്‍ത്തു. കട്ടിങ് മെഷീന്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രുയുടെയും വ്യവസായ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ജൂലൈ 19ന് ചേരുന്ന വ്യവസായബന്ധ ബോര്‍ഡില്‍ ഈ വിഷയങ്ങള്‍ മുഖ്യ അജണ്ടയായി ചര്‍ച്ച ചെയ്യും. മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വ്യവസായ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് വിശദമായ പ്രൊജക്ട് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ബോണസ് സംബന്ധിച്ച് തിരുവനന്തപുരത്ത് ഉടന്‍ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

ലേബര്‍ സെക്രട്ടറി അജിത്കുമാര്‍, ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) കെ എം സുനില്‍, റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി സുരേഷ്‌കുമാര്‍, സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കശുവണ്ടി വ്യവസായ ബന്ധ ബോര്‍ഡ് അംഗങ്ങള്‍, തൊഴിലുടമകള്‍, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date