ഒഴിപ്പിക്കൽ പൂർത്തിയായി, ഇനി ശ്രദ്ധ ദുരിതാശ്വാസ ക്യമ്പുകളിലേക്കെന്ന് മന്ത്രിമാർ
ആലപ്പുഴ കുട്ടനാട്ടിലെ ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയായ സാഹചര്യത്തിൽ ഇനി ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് ശ്രദ്ധ പതിപ്പിക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കും പറഞ്ഞു. കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഇരുവരും. ക്യാമ്പ് നടത്തിപ്പിന് വിശദമായ മാർഗരേഖ പുറത്തിറക്കും. ജില്ലാതല സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. ക്യാമ്പിൽ കഴിയുന്നവരുടെ വിവരശേഖരണം ചൊവ്വാഴ്ചയോടെ പൂർത്തിയാകും.
ജില്ലയിൽ 662 ക്യാംപുകളിലായി 2.7 ലക്ഷം പേരാണ് ഇപ്പോഴുള്ളത്. പ്രവർത്തനസൗകര്യത്തിന് ചില ക്യാംപുകൾ തൊട്ടടുത്ത സൗകര്യമുള്ള വലിയ ക്യാംപുകളിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. കാലവർഷം തുടങ്ങിയതുമുതൽ ജില്ലയിൽ മരിച്ചത് 35 പേരാണ്. മെയ് 29 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. കുട്ടനാട് താലൂക്കിൽ 15ഉം ചേർത്തല, മാവേലിക്കര താലൂക്കുകളിൽ നാലുവീതവും ചെങ്ങന്നൂരിൽ എട്ടും അമ്പലപ്പുഴയിൽ മൂന്നും കാർത്തികപ്പള്ളിയിൽ ഒരാളുമാണ് ഈകാലയളവിൽ മരിച്ചത്.
വൻസന്നാഹത്തോടെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത് അവസാനിപ്പിച്ചു. ഇനിയും വീടുകളിൽ തുടരുന്നവർ ക്യാംപുകളിൽ എത്തണം. അവർ ബന്ധപ്പെട്ടാൽ ക്യാംപിലേക്ക് മാറ്റും. കുട്ടനാട്ടിലെ രണ്ടുലക്ഷത്തോളം ജനസംഖ്യയിൽ 1.25 ലക്ഷം പേരെ അമ്പലപ്പുഴ, ചേർത്തല, ചങ്ങനാശേരി, തിരുവല്ല താലൂക്കുകളിലെ ക്യാംപുകളിലേക്ക് മാറ്റി. അരലക്ഷത്തോളം പേർ ബന്ധുവീടുകളിലും മറ്റുമായുണ്ട്. എടത്വ സെന്റ് അലോഷ്യസ് കോളേജിൽ നാലായിരത്തോളം പേരും മറ്റൊരിടത്ത് രണ്ടായിരത്തോളം പേരുമുണ്ട്. ഇവരും ക്യാംപുകളിലേക്ക് മാറണമെന്നാണ് ആവശ്യപ്പെടുന്നത്. ഇവർക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചിട്ടുണ്ട്. വീടുകളിലും മറ്റുമായി ഇപ്പോഴും തുടരുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതും ഭക്ഷണവും മറ്റുമെത്തിക്കുന്നതും ബുദ്ധിമുട്ടാണ്. നിലവിൽ ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നുണ്ട്. ഇവരും ക്യാമ്പിലേക്ക് മാറണമെന്നാണ് തങ്ങളുടെ അഭ്യർഥനയെന്ന് മന്ത്രിമാർ പറഞ്ഞു.
ക്യാമ്പ് സുരക്ഷിതമാക്കാൻ പ്രത്യേക ശ്രദ്ധ
ക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ല ഭരണകൂടം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ഓരോ ക്യാമ്പിലും ക്യാമ്പ് ഓഫീസർ, അസിസ്റ്റന്റ് ക്യാമ്പ് ഓഫീസർ, അസിസ്റ്റന്റ് സ്റ്റോർ ഓഫീസർ, അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ, അസിസ്റ്റന്റ് എന്റർടെയിൻമെന്റ് ഓഫീസർ എന്നിവരെ നിയമിക്കും. ഇതിനായി കുട്ടനാട്ടിലെ ആരോഗ്യമേഖലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് തല ഉദ്യോഗസ്ഥരെയും വിന്യസിക്കും.
ക്യാമ്പുകളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കൂം. അമ്പലപ്പുഴ- ചേർത്തല പഞ്ചായത്ത് തല ജീവനക്കാരെയും ക്യാമ്പുകളുടെ ചുമതലയിൽ വിന്യസിക്കും. ക്യാമ്പുകളിൽ സന്ദർശകരെ അനുവദിക്കില്ല. പുറത്ത് നിന്ന് പാകം ചെയ്ത് കൊണ്ടു വരുന്ന ഭക്ഷണങ്ങൾ ഇനിമുതൽ ക്യാമ്പുകളിൽ അനുവദിക്കില്ല. സന്നദ്ധപ്രവർത്തകർക്ക് മറ്റ് അവശ്യ സാധനങ്ങൾ ആലപ്പുഴ കളക്ടറേറ്റ്, എസ്.ഡി കോളജ് എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ എത്തിക്കാം.
സ്വകാര്യത മാനിക്കണം
വീടുവിട്ട് ക്യാംപുകളിലേക്ക് മാറിത്താമസിക്കേണ്ടിവന്നവരുടെ സ്വകാര്യത മാനിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അനാവശ്യമായ ക്യാമ്പ് സന്ദർശനം ഒഴിവാക്കണം. അനുമതിയോടെ മാത്രമേ ക്യാമ്പുകളിൽ പ്രവേശിക്കാവൂ. ഇത് കർശനമായി നടപ്പാക്കും. ക്യാമ്പുകളിൽ സുരക്ഷ ഉറപ്പുവരുത്തും. വീടുകളിൽ വ്യാപക മോഷണം എന്നതരത്തിൽ കുപ്രചാരണം നടക്കുന്നുണ്ട്. ഇത് ശരിയല്ല. എല്ലാമേഖലയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പാകംചെയ്ത ഭക്ഷണം അനുമതിയോടെ മാത്രം
ക്യാംപുകളിലേക്ക് പാകം ചെയ്ത ഭക്ഷണം എത്തിക്കുന്നതിന് കളക്ട്രേറ്റ് ് കൺട്രോൾ റൂമിന്റെ അനുമതി വാങ്ങണം. പുറമേനിന്നുള്ള ഭക്ഷണത്തിന്റെ ഗുണനിലവവാരം ഉറപ്പുവരുത്താൻ മറ്റുമാർഗങ്ങളില്ല. ഭക്ഷണസാമഗ്രികളും മറ്റു അവശ്യസാധനങ്ങളും എത്രവേണമെങ്കിലും നൽകാം. അതിന് എസ്ഡി കോളേജിലും കലക്ടറേറ്റിലും സംഭരണകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിൽനിന്ന് ഇവിടെയെത്തി സാധനങ്ങൾ ഏറ്റുവാങ്ങേണ്ടതില്ല. ഇതിന് മൊബൈൽ ആപ്പ് സജ്ജമാക്കും. ഇതുവഴി ഏതു ക്യാംപിലേക്കും ആവശ്യമുള്ള സാധനങ്ങളുടെ വിവരം ചുമതലക്കാർ കൈമാറിയാൽ അവിടെ എത്തിച്ചുനൽകും.
രജിസ്‌ട്രേഷൻ തുടങ്ങി
ക്യാമ്പിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഇന്നലെ തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കും. ക്യാമ്പിലെ ഓരോ ക്ലാസ് മുറികളിലമെത്തി രജിസ്‌ട്രേഷൻ നടത്തും. കോൾ സെന്ററിൽ സേവനം ചെയ്യുന്ന നൂറോളം പ്രവർത്തകരെ രജിസ്‌ട്രേഷൻ നടപടികളുടെ ഡാറ്റാ ടീമായി ഉപയോഗിക്കും. ക്യാമ്പുകളിലല്ലാതെ ബന്ധു വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും രക്ഷതേടിയവർക്കും ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യാം. ഇവർക്കും അടുത്ത് അടുത്തുള്ള ക്യാമ്പുകളിലെത്തി ഭക്ഷണം കഴിക്കാനും മരുന്നുകൾ വാങ്ങാനുമുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. കുട്ടനാട്ടിൽനിന്ന് ക്യാമ്പുകളിലെത്തിയ മുഴുവൻ പേരുടെയും പട്ടിക രണ്ടുദിവസത്തിനകം തയ്യാറാകും.
ക്യാമ്പുകളിൽ ശുചിത്വസേനയും
ഹരിതചട്ടവും
ക്യാമ്പുകളുടെ ശുചിത്വം ഉറപ്പ് വരുത്തുവാൻ സാനിേട്ടഷൻ ബ്രിഗേഡ് രൂപീകരിച്ചു. ഹരിതസേന അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീപ്രവർത്തകർ, സ്‌കൂൾ സ്റ്റുഡന്റ് കേഡറ്റ്, എൻ.എസ്.എസ്, എൻ.സി.സി പ്രവർത്തകർ അടങ്ങിയതാണ് ശുചിത്വസേന. ക്യാമ്പുകളിലെ മാലിന്യം നീക്കം ചെയ്യുക എന്നതാണ് സേനയുടെ പ്രധാന കടമ. ക്യാമ്പിലെ ജൈവ മാലിന്യങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും സേന തരംതിരിക്കും. ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ തുമ്പോർമുഴി മാതൃക ഉപയോഗപ്പെടുത്തണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ക്യാമ്പിൽ ഹരിതചട്ടം നടപ്പാക്കും. ക്യാമ്പിലെ ഓരോ വ്യക്തികൾക്കും ഭക്ഷണം കഴിക്കാൻ ഒരു സ്റ്റീൽ പ്ലേറ്റും ഗ്ലാസും നൽകും. അത് അവർ വീട്ടിൽപോകുമ്പോൾ കൊണ്ടു പോകാം. ഇതോടെ പേപ്പർ പ്ലേറ്റിന്റെയും ഗ്ലാസിന്റെയും ഉപയോഗം ക്യാമ്പുകളിൽ ഇല്ലാതാവും.
ക്യാമ്പുകളിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തത് പരിഗണിച്ച് തൊട്ടടുത്തുള്ള കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾക്ക് സഹായമൊരുക്കണം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധമായവർ ഇതും ഏറ്റെടുക്കണം. ഓരോ ക്യാമ്പിലെയും അഞ്ചോ പത്തോ പേർക്ക് ഒരു കുടുംബം സഹായമൊരുക്കിയാൽ വലിയ പ്രതിസന്ധിക്ക് പരിഹാരമാകും. ക്യാമ്പുകളിൽ താൽക്കാലിക കക്കൂസുകളും ബയോ ടോയ്‌ലറ്റും സ്ഥാപിക്കാനും ഇവയുടെ ശുചിത്വം ഉറപ്പുവരുത്താനും നടപടിയെടുക്കും. ക്യാമ്പുകളിലെ കിടക്കുന്ന സ്ഥലം അടിച്ചു വൃത്തിയാക്കാനുള്ള ജോലിയും സേന ചെയ്യും. കഴിയാവുന്നത്ര ബയോ ടോയ്‌ലറ്റുകൾ ക്യാമ്പുകളിൽ സ്ഥാപിക്കും.
മാനസികാഘാതം ലഘൂകരിക്കാൻ കലാപരിപാടികൾ
വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ കഴിയുന്നവർക്ക് ആശ്വാസം പകരാൻ കലാപരിപാടികൾ അവതരിപ്പിക്കാൻ കലാപ്രവർത്തകരും കലാസംഘടനകളും സന്നദ്ധടിസ്ഥാനത്തിൽ മുന്നോട്ടുവരണം. നേരിട്ട് ക്യാംപുകളിൽ പോകുന്നതിനു പകരം കലക്ടറേറ്റിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണം. ഇങ്ങനെ തയ്യാറായി വരുന്നവർക്ക് യാത്രാബത്ത നൽകുന്ന കാര്യം പരിഗണിക്കും.
- Log in to post comments