Skip to main content

ദുരന്തഭൂമിയിലേക്ക് മഹാരാഷ്ട്രാ മന്ത്രിയും മെഡിക്കല്‍ സംഘവും എത്തി

 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേകാന്‍ മഹാരാഷ്ട്രാ മന്ത്രിയും  ഡോക് ടര്‍മാരും ആറന്‍മുളയില്‍ എത്തി. മഹാരാഷ്ട്രാ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗിരിഷ് മഹാജനും 30 ഡോക്ടര്‍മാരും സാന്ത്വനവുമായി എത്തിയത്.  കേരളത്തിന്റെ ദുഖത്തോടൊപ്പം മഹാരാഷ് ട്രയും ഉണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ അവസാന നിമിഷം വരെ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉണ്ടാവുമെന്നും മന്ത്രി ഗിരിഷ് മഹാജന്‍ പറഞ്ഞു. 

പ്രളയവാര്‍ത്ത അറഞ്ഞയുടന്‍ മഹാരാഷ് ട്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കാന്‍ തയ്യാറാവുകയുമായിരുന്നു. ആവശ്യത്തിനുള്ള മരുന്നുകളും മെഡിക്കല്‍ സംഘം കരുതിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം മാത്രം കൊടുത്താല്‍ മതിയാവും. ശിശുരോഗ വിദഗ്ധരും ഇഎന്റ്റി, ജനറല്‍ ഫിസിഷ്യന്‍മാരുമടക്കം എല്ലാ വിഭാഗം ഡോക്ടര്‍മാരും ഉണ്ട്. തൊലിപ്പുറത്തെ അസുഖങ്ങളും പനിയും തലവേദനയും പോലുള്ള നിസാര രോഗങ്ങളുമാണ് കൂടുതല്‍ പേര്‍ക്കും ഉള്ളതെന്നും പകര്‍ച്ചവ്യാധികള്‍ ആരിലും    കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

മുംബൈ ജെ ജെ ഹോസ്പിറ്റലിലെയും പുനെ ബി ജെ മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരാണ് കേരളത്തില്‍ എത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് വിമാനമാര്‍ഗം വന്നുചേര്‍ന്ന 100 അംഗ ഡോക്ടര്‍മാര്‍ മൂന്ന് യൂനിറ്റുകളായി തിരിഞ്ഞ് എറണാകുളം, ത്രിശ്ശൂര്‍, പത്തനംതിട്ട ജില്ലകളിലേക്ക് പോവുകയായിരുന്നു. ഇടയാറന്‍മുള എഎംഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ മഹാരാഷ്ട്ര സംഘത്തെ വീണാ ജോര്‍ജ് എം എല്‍ എ, കാത്തോലിക്ക ബാബ ബെസേലിയോസിസ് പൗലോസ് സെക്കന്റ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.                          (പിഎന്‍പി 2332/18)

date