Skip to main content

പശ്ചിമഘട്ടത്തെ വീണ്ടെടുക്കാൻ ‘സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം’ ക്യാമ്പയിൻ

 

പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ശാസ്ത്രീയ നിർണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ടുള്ള ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. ഈ പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി മാപ്പിങ് നടത്തി, അവയെ വീണ്ടെടുത്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ‘സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം’ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ വലിയ അളവിൽ കുറക്കാനും പശ്ചിമഘട്ട പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കുന്നതിനും സംസ്ഥാന സർക്കാർ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനാണിത്.  

ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ റീബിൽഡ് കേരള ഇനീഷ്യേറ്റിവ് ഐ.ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസിന്റെ സഹായത്തോടെ പശ്ചിമഘട്ട നീർച്ചാലിലെ ഡിജിറ്റൽ മാപ്പിങ് പ്രവർത്തനം പൂർത്തീകരിച്ചു. സംസ്ഥാനത്ത് ആകെ 230 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്നു വരുന്ന ഡിജിറ്റൽ മാപ്പിങ് കോഴിക്കോട് ജില്ലയിൽ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണുള്ളത്. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവയാണ് ജില്ലയിലെ പ്രവർത്തങ്ങൾ നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ. 

രണ്ടാം ഘട്ടത്തിൽ പൂർത്തീകരിച്ച മാപ്പുകളുടെ അവതരണം അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ അവതരിപ്പിക്കും. തുടർന്ന് ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹായത്തോടെ ആരംഭിക്കും.

date