സ്കൂളിന്റെ മച്ചില്‍ അഭയം; രക്ഷക്കെത്തി മത്സ്യത്തൊഴിലാളികള്‍: ഭീതി വിട്ടൊഴിഞ്ഞ് ഉഷ
ആദ്യമഴയില്‍ ക്യാമ്പാക്കിയ സ്കൂളിന്റെ മച്ചില്‍ അഭയം തേടിയ അനുഭവമാണ് മല്ലപ്പുഴശ്ശേരി കല്ലാശാരിപ്പറമ്പില്‍ ഉഷയ്ക്കും കുടുംബത്തിനും പറയാനുള്ളത്. ഒടുവില്‍ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികളോടും സൈനികരോടുമുള്ള നന്ദിയും. മഴവെള്ളമിറങ്ങുമ്പോള്‍ ക്യാമ്പ് വിടാനിരിക്കുകയായിരുന്നു . പെട്ടെന്ന് വന്നെത്തിയ വെള്ളത്തിലാണ് എം ടി എല്‍ പി സ്കൂളിലെ ക്യമ്പ് മുങ്ങിയത്. മുറ്റത്തെ വെള്ളം ഉയര്‍ന്നു വന്നു എല്ലാവരും ക്ലാസുകളിലെ ഡസ്കുകള്‍ കയറിയിരുന്നു. വെള്ളം താഴും എന്നുകരുതിയെങ്കിലും മെല്ലെമെല്ലെ ഡസ്കിനും മുകളിലേക്ക് ഉയര്‍ന്നു. ക്യമ്പിലുള്ളവര്‍ ഭയപ്പാടോടെ ബഹളം വയ്ക്കാന്‍ തുടങ്ങി. രക്ഷക്കായി ഫോണില്‍ പലരുമായും ബന്ധപ്പെട്ടു. എന്നാല്‍ ആര്‍ക്കും അവിടേക്ക് പെട്ടെന്ന് എത്താന്‍ സാധിക്കുന്ന സ്ഥിതിയായിരുന്നില്ല. സ്കൂളിന്റെ ഓഡിറ്റോറിയത്തിന് മുകളില്‍ ഡെസ്ക് ഇട്ടിട്ടുപോലും അവിടെയും വെള്ളം എത്തി. അതോടെ മരണം മുന്നില്‍ കണ്ടു. ഇനി ആകെയുള്ളത് സ്കൂളിന്റെ മച്ച് മാത്രമാണ്. ഡസ്കും ബഞ്ചും പൊളിച്ച് ഓരോരുത്തരായി മച്ചിന് മുകളിലേക്ക് കയറി. എഴുപതോളം പേര്. അവര്‍ താഴേക്ക് നോക്കുമ്പോള്‍ താഴെ ഡെസ്ക് കാണാന്‍ സാധിക്കാത്ത ഉയരത്തില്‍ വെള്ളം. ഇനി രക്ഷയില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍. മകനെയെങ്കിലും രക്ഷിക്കണം എന്നുറച്ച് ഉഷയും ഭര്‍ത്താവ് ഗിരീഷും ചേര്‍ന്ന് സ്കൂളിന്റെ ഉത്തരത്തില്‍ വളരെ ഉയരത്തില്‍ തൊട്ടില് കെട്ടി മകനെ അതില്‍ കിടത്തി.അപ്പോഴാണ് ഏവര്‍ക്കും ആശ്വാസം പകര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷക്കെത്തുന്നത്. പിന്നീട് സ്കൂളിന്റെ ഓട് തകര്‍ത്ത് ഓരോരുത്തരും ബോട്ടുകളിലേക്ക്. കരക്കെത്തിയെങ്കിലും തകരുന്ന വീടിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്ക. എന്നാല്‍ വീട് വാസയോഗ്യമാക്കാമെന്നും നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ പാഠപുസ്തകവുമെല്ലാം സൗജന്യമായി ലഭ്യാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പ് കിട്ടത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് ഉഷ പറഞ്ഞു. മുഖ്യമന്ത്രി നിലവിലെ ക്യാമ്പായ തെക്കേമല എം ജി എംല്‍ എത്തിയോടെ ഇവരുടെ പ്രതീക്ഷ ഇരട്ടിച്ചു. (പിഎന്‍പി 2381/18)
- Log in to post comments