കുന്നത്തുനാട് ഫെസ്റ്റ് 'ലാവണ്യം 2023' :തിങ്കളാഴ്ച (21) മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ കുന്നത്തുനാട് ഫെസ്റ്റ് 'ലാവണ്യം 2023' എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 ന്( തിങ്കളാഴ്ച്ച) വൈകിട്ട് 5.30 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. വിപണന മേളയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിക്കും. കളക്ടർ എൻ.എസ്. കെ. ഉമേഷ് കുടുംബശ്രീ വിപണന മേള ഉദ്ഘാടനം ചെയ്യും . സിനി ആർട്ടിസ്റ്റും ഡയറക്ടറുമായ ആയിഷ സുൽത്താന മുഖ്യാതിഥിയാകും. ജി.സി.ഡി.എ. മുൻ ചെയർമാൻ സി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും.
ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് ഓണാഘോഷ പരിപാടികൾ. ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടത്തുന്ന ഘോഷയാത്ര, വിളംബര ജാഥ, പൂക്കള മത്സരം, കലാകായിക മത്സരങ്ങൾ, വ്യവസായ വാണിജ്യ പ്രദർശന മേള, കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള, കാർഷിക വിപണന മേള, ഭക്ഷ്യമേള, രാത്രികാല വിപണനമേള, സെമിനാറുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്ക് പുറമെ എല്ലാദിവസവും വൈകിട്ട് കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.
- Log in to post comments