Skip to main content

ഉരുള്‍പൊട്ടലും മലയിടിയലും  സെസ്‌ റിപ്പോര്‍ട്ടിനു ശേഷം മാത്രം  ജനങ്ങളെ പുനരധിവസിപ്പിക്കും: ജില്ലാകളക്‌ടര്‍

മഴക്കെടുതി മൂലം ഒല്ലൂര്‍ നിയോജക മണ്‌ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍, മല വീണ്ടുകീറല്‍, മലയിടിയല്‍ പ്രതിഭാസങ്ങളെ തുടര്‍ന്ന്‌ ഈ മേഖലയില്‍ സെസ്‌ റിപ്പോര്‍ട്ട്‌ തേടിയ ശേഷം മാത്രം ജനങ്ങളെ പുനരധിവസിപ്പിച്ചാല്‍ മതിയെന്ന്‌ ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ. കളക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ്‌ നിര്‍ദ്ദേശം. അഡ്വ. കെ.രാജന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നിയോജക മണ്‌ഡലത്തിലെ പഞ്ചായത്തു പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 
പുത്തൂര്‍ പഞ്ചായത്തിലെ പുത്തന്‍കാട്‌, ചിറ്റംകുന്ന്‌, ഉരുളന്‍കുന്ന്‌, മാടക്കത്തറ പഞ്ചായത്തിലെ ആനന്ദപുരം, നടത്തറ പഞ്ചായത്തിലെ നെല്ലാനി, വട്ടപ്പാറ, പാണഞ്ചേരി പഞ്ചായത്തിലെ ആയോട്‌, പട്‌ലം കുഴി, പീച്ചി എന്നിവിടങ്ങളിലെ ജനങ്ങളെയാണ്‌ സെസ്‌ റിപ്പോര്‍ട്ടിനു ശേഷം തിരികെ വീടുകളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്ന്‌ കളക്‌ടര്‍ നിര്‍ദ്ദേശിച്ചത്‌. മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടല്‍, മല വിണ്ടുകീറല്‍ എന്നിവയ്‌ക്ക്‌ ഏറെ സാഹചര്യങ്ങളുണ്ടെന്ന്‌ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. പീച്ചി ഡാമിനോട്‌ 800 മീറ്റര്‍ അകലെ മാത്രം താമസിക്കുന്ന പ്രദേശവാസികളെ കുറച്ച്‌ കാലത്തേക്ക്‌ മാറ്റിപ്പാര്‍പ്പിക്കാനും കളക്‌ടര്‍ നിര്‍ദേശിച്ചു. മഴക്കെടുതി മൂലം മണ്‌ഡലത്തിലെ തകര്‍ന്ന 13 റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ പി.ഡബ്യു.ഡിയോട്‌ (റോഡ്‌സ്‌) നിര്‍ദ്ദേശിച്ചു. ഒല്ലൂരിലെ ശോച്യാവസ്ഥയിലായ റോഡിന്റെ പണി രണ്ടു ദിവസത്തിനകും ആരംഭിക്കുമെന്നു പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ കളക്‌ടറെ അറിയിച്ചു. പുത്തൂര്‍ പഞ്ചായത്തിലെ ഉരുളന്‍കുന്ന്‌, കൊളാംകുണ്ട്‌, ചിറ്റംകുന്ന്‌, പുത്തന്‍കാട്‌, കോതംകുണ്ട്‌ പ്രദേശത്തെ 80 കുടുംബങ്ങളെയും മാടക്കത്തറ പഞ്ചായത്തിലെ10 കുടുംബങ്ങളെയും സ്‌കൂള്‍ തുറക്കുന്നതിനാല്‍ മറ്റിടങ്ങളിലേക്ക്‌ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കാനും തീരുമാനമായി.

date