ജീവനേകി ജീവനം: 105 വൃക്ക രോഗികള്‍ക്ക് ജില്ലാപഞ്ചായത്ത് ധനസഹായം നല്‍കി
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു. ജില്ലയില്‍ 2021 ജനുവരി ഒന്നിന് ശേഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ജില്ലാ പഞ്ചായത്ത് ജീവനം കിഡ്നി വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു.
ആകെ 105 അപേക്ഷകര്‍ക്കാണ് ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയത്. ജില്ലയിലെ വൃക്ക രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുവാന്‍ ജീവനം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും മരുന്നുകള്‍ ലഭ്യമാക്കി ഫാര്‍മസി സൗകര്യം മെച്ചപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസിനായി എത്തുന്ന എല്ലാ രോഗികള്‍ക്കും ജീവനം പദ്ധതിയിലൂടെ സൗജന്യമായി ചികിത്സ ഉറപ്പാക്കി വരികയാണ്.
പ്രതിമാസം ശരാശരി 1800 ലധികം ഡയാലിസിസുകളാണ് ജീവനം പദ്ധതി വഴി ചെയ്യുന്നത്. ജീവനം ഫാര്‍മസി വഴിയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍ എസ് പ്രസന്ന കുമാര്‍, ബി ജയന്തി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
- Log in to post comments