ശുചീകരണം പൂര്‍ത്തിയായി, സ്‌കൂളുകള്‍ ഇന്ന് തുറക്കും
പ്രളയകെടുതികള്‍ക്കും ഓണാവധിക്കും ശേഷം ജില്ലയിലെ എല്ലാ സ്‌കൂളുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിദ്യാഭ്യാസവകുപ്പ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ തീവ്രശുചീകരണ യജ്ഞത്തിലൂടെയാണ് വെള്ളം കയറിയ സ്‌കൂളുകളിലെ ശുചീകരണം പൂര്‍ത്തിയാക്കിയത്. അടൂര്‍, കോന്നി, മല്ലപ്പള്ളി ഒഴികെയു ള്ള വിദ്യാഭ്യാസ ഉപജില്ലകളിലെ 104 സ്‌കൂളുകള്‍ക്കാണ് പൂര്‍ണമായോ ഭാഗികമായോ നാശം സംഭവിച്ചത്. സ്‌കൂള്‍കെട്ടിടം, ക്ലാസ്മുറികള്‍, ബാത്ത്‌റൂമുകള്‍, ലൈബ്രറി, ഓഫീസ് രേഖകള്‍, ഡസ്‌കുകള്‍, ബെഞ്ചുകള്‍ എന്നിവയ്‌ക്കെല്ലാം നാശം സംഭവിച്ചിരുന്നു. അപ്പര്‍കുട്ടനാട് മേഖലയിലെ ഇരവിപേരൂര്‍, കുറ്റൂര്‍, നെടുമ്പ്രം, പെരിങ്ങര, നിരണം, കടപ്ര എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളും വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്എയുടെയും ജീവനക്കാര്‍, വിവിധ ജില്ലകളില്‍ നിന്നുള്ള അദ്ധ്യാപകര്‍, അനധ്യാപകര്‍, പിടിഎ, എംപിടിഎ പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍, യുവജനസംഘടനകള്‍ തുടങ്ങിയവരുടെ സംയുക്തമായ ശ്രമങ്ങളിലൂടെയാണ് നാല് ദിവസം നീണ്ട ശുചീകരണപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജില്ലയിലെ സ്‌കൂളുകളില്‍ എസ്.എസ്.എ സംസ്ഥാനതല ഉദ്യോഗസ്ഥന്‍, ഡയറ്റ് പ്രന്‍സിപ്പല്‍, ഡി.ഇ.ഒ എന്നിവരടങ്ങുന്ന സംഘം പരിശോധനയും നടത്തുന്നുണ്ട്. പ്രളയക്കെടുതിയുടെ ഫലമായി സ്‌കൂളുകളിലെ കുടിവെള്ള സ്രോതസ്സുകളും മലിനമായിട്ടുണ്ട്. ഇവയുടെ ശുചീകരണം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. (പിഎന്‍പി 2430/18)
- Log in to post comments