50 ലക്ഷം രൂപയുടെ ശുചീകരണ സാമഗ്രികൾ നൽകി ജില്ല പഞ്ചായത്ത്
ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായി ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ വാങ്ങി വിതരണം ചെയ്തു. 16 പഞ്ചായത്തുകൾക്കായാണ് ഇവ വിതരണം ചെയ്തത്. സാധനസാമഗ്രികളുടെ കൈമാറൽ മന്ത്രി ജി.സുധാകരൻ കൈനകരിയിൽ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ സന്നിഹിതനായ ചടങ്ങിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവിനാണ് ശുചീകരണ ഉപകരണങ്ങൾ മന്ത്രി കൈമാറിയത്. 16 പഞ്ചായത്തുകൾക്കായി മൺവെട്ടി, ഇരുമ്പ് ചട്ടി, ചവർ വരണ്ടി, വെട്ടുകത്തി, കുത്തിരുമ്പ്, മൺകോര, പ്ലാസ്റ്റിക് കുട്ട, പ്ലാസ്റ്റിക് ബക്കറ്റ്,മഗ്, കോരി, ചൂൽ, വൈപ്പർ, പ്ലാസ്റ്റിക് ബ്രഷ്, അയൺ ചൂല്, മോപ്പ്, കോട്ടൺ വേസ്റ്റ്, കാലുറ, കൈയ്യുറ എന്നിവയാണ് വിതരണം ചെയ്തത്.1338 മൺവെട്ടികളും, 1120 കുട്ടകളും ബക്കറ്റുകളും മഗ്ഗുകളും 4000 വീതവും 5000 വീതം കൈയ്യുറകളും 16 പഞ്ചായത്തുകൾക്ക് വിതരണം ചെയ്യാനായി. 1000 മോപ്പുകളും 3000 കോരികളുമിതിലുൾപ്പെടും.
പ്രളയാനന്തരം മഹാശുചീകരണയജ്ഞം
കുട്ടനാടിനായി കൈകോർത്തത് ആയിരങ്ങൾ
ആലപ്പുഴ: പ്രളയാനന്തരം നടന്ന മഹാശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ആയിരങ്ങൾ ഒരിക്കൽ കൂടി രാജ്യത്തിന് മുന്നിൽ പുതിയ മാതൃക ഉയർത്തി. മന്ത്രിമാർ മുതൽ സാധാരണക്കാരൻ വരെയുള്ള ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഒരു മെയ്യും കൈയ്യുമായി കുട്ടനാടിനായി കൈകോർത്തു. കൈലിയും മുണ്ടുമുടുത്തിറങ്ങിയ ജനക്കൂട്ടത്തിനിടയിൽ അതേ വേഷത്തിലിറങ്ങിയ മന്ത്രിമാരെയോ ജനനേതാക്കളെയോ ഉദ്യോഗസ്ഥ പ്രമുഖരെയോ ആരും തിരിച്ചറിഞ്ഞില്ല. അവരുടെ ലക്ഷ്യ ഒന്നു മാത്രമായിരുന്നു-പ്രളയ ബാധിതരായ തങ്ങളുടെ സഹോദരങ്ങളെ തിരികെ കുട്ടനാട്ടിലെ അവരുടെ വീടുകളിലെത്തിക്കണം.
നാലുദിവസംമുമ്പു മാത്രം ആസൂത്രണംചെയ്ത പദ്ധതി സംസ്ഥാനമാകെ ഏറ്റെടുത്തെന്നു വെളിവാക്കുന്നതായിരുന്നു അതിലെ ജനപങ്കാളിത്തം. കാസറഗോഡ് മുതൽ പാറശാല വരെയുള്ള ഭൂപ്രദേശങ്ങളിൽ നിന്നായി കേട്ടവർ കേട്ടവർ കിട്ടിയ വണ്ടികളിൽ കയറിയാണ് ആലപ്പുഴയ്ക്കു എത്തിയത്. വിവിധ സംഘടന പ്രവർത്തകർ, ക്ലബംഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരുമായുള്ള വാഹനങ്ങൾ രാവിലെ ഏഴുമണിയോടെ തന്നെ നഗരത്തിലെത്താൻ തുടങ്ങിയിരുന്നു. ആവേശത്തിൽ ബൈക്കുകളിൽ ദൂരദേശങ്ങളിൽ നിന്നെത്തിയവരും കുറവായിരുന്നില്ല.
ആദ്യപ്രളയത്തിനു ശേഷമെത്തിയ മഹാപ്രളയം കുട്ടനാടിനെ മഹാദുരിത്തിലാണ് ആഴ്ത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം കുട്ടനാട് ശുചീകരണത്തിന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും മഹാപ്രളയം എല്ലാ സീമകളും വിട്ട് അക്രമിച്ചതോടെ ഇനിയെന്ന് എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. എങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ 24നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി.സുധാകരനും ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസകും ചേർന്നാണ് കുട്ടനാട് ശുചീകരണയജ്ഞം പ്രഖ്യാപിച്ചത്. കഴിഞ്ഞ രാത്രി പെയ്ത കനത്തമഴ കാര്യങ്ങൾ വീണ്ടും അവതാളത്തിലാക്കുമോ എന്ന ആശങ്കയും ഉയർത്തി. ഇന്നലെ രാവിലെ കനത്ത മഴയടിച്ചെങ്കിലും ജനങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പതറിയപോലെ അന്തരീക്ഷം വിട്ടൊഴിഞ്ഞു. അപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി അരലക്ഷത്തിലേറെ സന്നദ്ധഭടന്മാരാണ് നഗരത്തിലേക്കെത്തിയത്.
ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പടുത്തുയർത്തിയ മഹായജ്ഞം വൻവിജയമായതിനു പിന്നിൽ കൃത്യമായ ആസൂത്രണവും നിർവഹണവുമുണ്ടായിരുന്നു. മഹായജ്ഞത്തിന്റെ പ്രഖ്യാപനത്തോടെ തന്നെ സന്നദ്ധ സേവകർക്കായി ഓൺലൈൻ രജിസ്‌ട്രേഷനും ആരംഭിച്ചു. ബന്ധപ്പെടാനുള്ള ഫോൺനമ്പറുകളും നൽകി. നവമാധ്യമങ്ങളിൽ സന്ദേശം വൈറലായതോടെ സമൂഹത്തിന്റെ വിവിധമേഖലകളിൽനിന്നുള്ളവർ കുട്ടനാടിനായി കൈകോർക്കാൻ സന്നദ്ധത അറിയിച്ചു. മലയാളി സഹപാഠികളിൽനിന്ന് വിവരമറിഞ്ഞ് ഇതരസംസ്ഥാന വിദ്യാർഥികളുൾപ്പെടെ രജിസ്റ്റർചെയ്തു.
തൊഴിൽ നൈപുണ്യമുള്ളവർ, പ്ലംബിങ്, വയറിങ് ജോലിക്കാർ,സാധാരണക്കാർ എല്ലാവരും ഈ ദിവസത്തിനായി കാത്തിരുന്ന പോലെ മറ്റെല്ലാം മാറ്റിവച്ചാണ് ആലപ്പുഴയ്ക്കു എത്തിയത്. തിങ്കളാഴ്ച രാത്രി മുതലേ ദൂരെനിന്നുള്ളവർ നഗരത്തിലെത്താൻ തുടങ്ങിയിരുന്നു. അവർക്കായി സഹായകേന്ദ്രം തുറന്നു. നിർദേശങ്ങൾ അപ്പപ്പോൾ എല്ലാവരിലുമെത്തിക്കാൻ സംവിധാനമൊരുക്കി. എല്ലാമേഖലയിലും വളന്റിയർമാർ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇവരെ കൃത്യമായി വിന്യസിച്ചു.
രജിസ്റ്റർചെയ്തവർ രാവിലെ ഏഴുമുതൽ തന്നെ നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് പോകാനായി പുന്നമട ഫിനിഷിങ് പോയിന്റിലും കെഎസ്ആർടിസി സ്റ്റാൻഡിലും ബോട്ട്‌ജെട്ടിയിലുമെത്തി. രജിസ്റ്റർചെയ്യാതെ വന്നവർ എസ്ഡിവി മൈതാനത്ത് ഒത്തുചേർന്നു. ഇവരെയും പലമേഖലയിലേക്കായി വിന്യസിച്ചു. ഭക്ഷണം, കുടിവെള്ളം എന്നിവ പുറപ്പെടുന്ന കേന്ദ്രങ്ങളിൽ തന്നെ എല്ലാവർക്കും ഉറപ്പാക്കി.
ശുചീകരണസാമഗ്രികൾ എല്ലാ സംഘത്തിനും കൃത്യമായി കൈമാറി. ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ശുചീകരണോപാധികൾ 16 പഞ്ചായത്തുകളിലായി അവിടെ നിന്നു തന്നെ എത്തിച്ചു. ഓരോ സംഘത്തിനും പോകാൻ ബോട്ടുകളും ബസുകളും ബാർജുകളും ടിപ്പർ ലോറികളുമുൾപ്പെടെ വാഹനങ്ങൾ സജ്ജമാക്കി. എല്ലാമേഖലയിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കി. ഇന്നലെ തുടങ്ങിയ യജ്ഞം വരുംദിവസങ്ങളിലും തുടരുമെന്നതിനാൽ അതിനു സന്നദ്ധരായാണ് ഭൂരിഭാഗവും കുട്ടനാട്ടിലെത്തിയിരിക്കുന്നത്.
ശുചീകരണം നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും സുസജ്ജമായ ചികിൽസ സൗകര്യമുറപ്പാക്കിയിരുന്നു. ഇതിനു പുറമേ ബോട്ടുകളിൽ മെഡിക്കൽ സംഘത്തിന്റെ പട്രോളിങുമുണ്ടായിരുന്നു. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകൾ സന്നദ്ധസേവകർക്കായി നൽകുകയും ചെയ്തു. ആവശ്യമായ ഡോക്ടർമാർ മറ്റു ജീവനക്കാർ തുടങ്ങിയവർ ചികിൽസ സംഘത്തിലുണ്ടെന്നുറപ്പാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
- Log in to post comments