Skip to main content

കൂടുതൽ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ് : മൊബൈൽ ക്ലിനിക്കുകൾ ഇന്നു മുതൽ

 

കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങ്ൾക്കിടയിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. ജനങ്ങളിലേക്ക് കൂടുതൽ അടുത്ത് പ്രവർത്തിക്കാനും ശാരീരികവും മാനസികവുമായ കരുത്ത് പകരുന്നതിനുമായുള്ള കർമ്മ പദ്ധതികൾ വകുപ്പ് തയാറാക്കി കഴിഞ്ഞു . ആദ്യഘട്ടമെന്ന നിലയിൽ വെള്ളപ്പൊക്കം കൂടുതലായി ബാധിച്ച 42 പഞ്ചായത്തുകളിലും 8 നഗരസഭകളിലുമുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ താത്കാലിക ക്ലിനിക്കുകളുടെ പ്രവർത്തനം  ഇന്നു തുടങ്ങും. ഒന്നിലധികം സേവനകേന്ദ്രങ്ങളിൽ ഈ താത്കാലിക ക്ലിനിക്കുകളുടെ സേവനം ലഭിക്കും. പ്രദേശങ്ങ്ളിലെ ജനങ്ങളുടെ മാനസിക ആരോഗ്യം, കിടപ്പു രോഗികളുടെ ശ്രദ്ധ, ജീവിതശൈലീ രോഗങ്ങളുള്ളവർക്കുള്ള ചികിത്സ എന്നിവയും ജീവനക്കാർ നേരിട്ടെത്തി പരിശോധിക്കും. ഇതിനു വേണ്ടി കൂടുതൽ ജീവനക്കാരെ ഉൾപ്പെടുുത്തി വകുപ്പ് വിപുലമാക്കിയതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവിലെ ഡോക്ടർക്ക് പുറമെയാണ് അധിക ഡോക്ടറും നഴ്സും ഉണ്ടാകുക.. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും കൂടുതൽ ജനങ്ങൾക്ക് ചികിത്സ ഉറപ്പുവരുത്താനുമാണ് അധിക ക്ലിനിക്ക് പ്രവർത്തിക്കുന്നത്. 

ജനങ്ങൾക്ക് ആശുപത്രിയിൽ എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളിൽ നേരിട്ടെത്തി മൊബൈൽ ക്ലിനിക്കുകളായും പ്രവർത്തിക്കും. ജനറൽ ഒപിയിൽ ലഭിക്കുന്ന സേവനങ്ങൾ ലഭിക്കും.

കിടപ്പു രോഗികൾക്കുള്ള ആശ്വാസമായി മുഴുവൻ രോഗികളെയും പാലിയേറ്റീവ് നഴ്സുമാർ സന്ദർശിച്ച് സാന്ത്വന പരിചരണം നൽകും. ഒരു കമ്മ്യൂണിറ്റി നഴ്സും ഇവരോടൊപ്പം ഉണ്ടാകും. രണ്ടു പേർ ഉൾപ്പെടുന്ന 85 ടീം ഇതിനോടകം പ്രവർത്തനം തുടങ്ങി കഴിഞ്ഞു.  ഇതോടൊപ്പം ജീവിത ശൈലീ രോഗികളുടെ യും ക്ഷയരോഗബാധിതരുടെയും കുഷ്ഠരോഗബാധിതരുടെയും തുടർചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കും. എന്തെങ്കിലും കാരണവശാൽ മരുന്ന് മുടങ്ങുകയോ, നഷ്ടപ്പെടുകയോ ചെയ്തവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾവഴി വേണ്ട നടപടികൾ സ്വീകരിക്കും.

രോഗ പ്രതിരോധ പ്രവർത്തനങ്ങളും വകുപ്പ് ഊർജിതമാക്കി. ഇതിനായി 800 ഫീൽഡ് സ്റ്റാഫുകളാണ് ഉള്ളത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 72 ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരും ഉണ്ട്. രണ്ടു പേർ വീതം 40 മുതൽ 50 വീടുകൾ വരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. പനി, വയറിളക്കം മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കും. പകർച്ചാവ്യാധി നിയന്ത്രണമാണ് ലക്ഷ്യം. 

ഇതു കൂടാതെ കമ്മ്യൂണിറ്റി മെന്റൽ ഹെൽത് വിഭാഗത്തിന്റെ രണ്ട് ടീമുകളുടെ സേവനവും ജനങ്ങൾക്ക് നൽകും. പ്രളയ ദുരിതത്തെ തുടർന്ന് മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം. ഇതിൽ സൈക്കോളജിസ്റ്റിന്റെയും സോഷ്യൽ വർക്കറുടെയും സേവനം ലഭിക്കും.

പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് മുഴുവൻ സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നത്.

date