മാലിന്യശേഖരണം ദ്രുതഗതിയില്‍ 6 ദിവസങ്ങള്‍, 14 പഞ്ചായത്തുകള്‍, 250 ടണ്‍ മാലിന്യം
കൊച്ചി: ജില്ലയിലെ അജൈവ മാലിന്യങ്ങളുടെ ശേഖരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ശുചീകരണ പ്രവര്ത്തനങ്ങളെത്തുടര്ന്നുണ്ടാകുന്ന മാലിന്യങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കാനും അജൈവ മാലിന്യങ്ങള്‍ പൊതുകേന്ദ്രത്തില്‍ ശേഖരിക്കാനുമായിരുന്നു നിര്‍ദേശം.
ജില്ലാ ഭരണകൂടം ലഭ്യമാക്കിയ കമ്പോസ്റ്റ് മീഡിയം ഉപയോഗിച്ചും മറ്റു മാര്‍ഗങ്ങളിലും ഭൂരിഭാഗം ജൈവ മാലിന്യങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സംസ്കരിക്കുന്നുണ്ട്. ജിജെ എക്കോ പവര്‍, ക്ലീന്‍ കേരള എന്നീ കമ്പനികളുടെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ജില്ലയിലെ പൊതു കേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.
ഓഗസ്റ്റ് 26 ന് തുടങ്ങിയ മാലിന്യ ശേഖരണത്തില്‍ ആറു ദിവസം കൊണ്ട് 14 പഞ്ചായത്തുകളില്‍ നിന്നായി 250 ടണിലധികം മാലിന്യമാണ് നീക്കിയത്.
ഇന്നലെ (31.08.18) മാത്രം കടുങ്ങല്ലൂര്‍, ചിറ്റാട്ടുകര, പുത്തന്‍വേലിക്കര, ചേന്ദമംഗലം, കുന്നുകര പഞ്ചായത്തുകളില്‍ നിന്നായി 100 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. കൃത്യമായി വേര്‍തിരിച്ച ശേഷം പഞ്ചായത്തുകള്‍ക്ക് നേരിട്ട് കമ്പനി പറയുന്ന പൊതു കേന്ദ്രത്തിലേക്ക് മാലിന്യങ്ങള്‍ എത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പുനചംക്രമണത്തിന് ഉപയോഗിക്കും.
- Log in to post comments