Skip to main content

സേവന പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കി വിദ്യാര്‍ത്ഥികള്‍

 

 

ഓണാവധി അവസാനിക്കാന്‍ ഒരുദിവസംകൂടി ശേഷിക്കെ സേവനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രാജകുമാരി ഗവണ്‍മെന്റ് വി എച്ച് എസ് ഇയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രളയകെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയാണ് ഈ വിദ്യാര്‍ത്ഥികളും. വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ആറോളം വീടുകള്‍ വാസയോഗ്യമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. അഞ്ചുപേരടങ്ങുന്ന സംഘങ്ങളായാണ് ശുചീകരണപ്രവര്‍ത്തനങ്ങളും ചെറിയ രീതിയിലുള്ള അറ്റകുറ്റ പണികളും നടത്തി വരുന്നത്. പ്രധാനമായും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വീടുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും പൂര്‍ണമായും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. അവധി തീരുന്നതിനു മുമ്പ് ആറുവീടുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അവധി ആഘോഷങ്ങള്‍ വേണ്ടന്നുവെച്ച് സ്‌കൂളിലെ അധ്യാപകരും ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, അധ്യാപകരായ പ്രിന്‍സ് പോള്‍, സി.എം.റീന തുടങ്ങിയവരാണ് സേവന  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

date