എലിപ്പനിക്കെതിരേ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം: ജില്ലാ കളക്ടര്‍
എലിപ്പനി പടരാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും രോഗപ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുകയാണെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. എലിപ്പനി മൂലം ഒരു മരണമാണ് ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. സംശയാസ്പദമായ രണ്ടു മരണങ്ങളുണ്ട്. ജില്ലയില്‍ 26 എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമേ 28 സംശയാസ്പദ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു നിരീക്ഷിച്ചു വരുകയാണ്.
എലിപ്പനിക്കെതിരേ ബോധവത്കരണ, രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന് മൂന്നു വീടുകള്‍ക്ക് ഒരു സ്ക്വാഡ് എന്ന നിലയില്‍ 1588 ടീമുകള്‍ക്ക് തദ്ദേശഭരണ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ആശാപ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് സ്ക്വാഡിലുള്ളത്. ഇതു നിരീക്ഷിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുണ്ടാവും. എലിപ്പനിക്കെതിരായ ഡോക്സിസൈക്ലിന്‍ ടാബ്ലറ്റ് ആവശ്യത്തിനുണ്ട്. രണ്ടു ലക്ഷം ടാബ്ലറ്റ് കൂടി കൂടുതലായി കൊണ്ടുവരും. നിലവിലുള്ള 55 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കൂടാതെ ഏഴോളം ആശുപത്രികളിലും എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ പ്രളയബാധിത മേഖലയില്‍ ആരോഗ്യവകുപ്പിന്റെ ഒന്‍പത് പുതിയ ക്ലിനിക്കുകളും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധ വേണ്ട സ്ഥലങ്ങളിലാണ് ഒന്‍പത് ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുള്ളത്. അഞ്ച് മൊബൈല്‍ ക്ലിനിക്കുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തിരുവല്ല, കോഴഞ്ചേരി മേഖലകളിലാണ് എലിപ്പനി കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജയും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷനുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നത്. നൂറു വീടുകള്‍ക്ക് ഒരു ടീം എന്ന നിലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഒരു വീട് കയറുന്ന രീതിയിലാണ് പ്രവര്‍ത്തനം നടക്കുന്നത്. തദ്ദേശഭരണ വകുപ്പിന്റെ സ്ക്വാഡിനു പുറമേയാണ് ആരോഗ്യവകുപ്പിന്റെ ഈ ടീം പ്രവര്‍ത്തിക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടന്നു വരുകയാണ്. ജില്ലയില്‍ 13,000 പേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം അക്കൗണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ വലിയ മുന്നേറ്റം ഇക്കാര്യത്തില്‍ ഉണ്ടാകും. കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് പ്രളയബാധിതരുടെ വിവരങ്ങള്‍ കംപ്യൂട്ടറിലേക്ക് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ക്യാമ്പുകളില്‍ വരാതെ വീടുകളില്‍ താമസിച്ച ആളുകളും, മറ്റു സ്ഥലങ്ങളില്‍ ക്യാമ്പായി താമസിച്ചവരും പ്രളയബാധിതരാണ്. ഇങ്ങനെയുള്ളവരുടെ വിവരം വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതുണ്ട്. ഇക്കാര്യം കൃത്യമായി പരിശോധിച്ചിട്ടില്ലെങ്കില്‍ അനര്‍ഹരായവരിലേക്ക് പണം എത്താന്‍ സാധ്യതയുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെ പല ക്യാമ്പുകളില്‍ കഴിഞ്ഞവരുണ്ട്. ഇങ്ങനെയുള്ള വിവരം ഇരട്ടിപ്പ് വരാതെ ഒഴിവാക്കുന്നതിനും കര്‍ശനമായ പരിശോധന ആവശ്യമാണ്. ശേഖരിച്ച വിവരം ലഭ്യമാണെങ്കില്‍ പോലും ഓരോ കേസും പ്രത്യേകമായി പരിശോധിക്കാതെ ഫണ്ട് കൈമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു കൊണ്ടാണ് സമയമെടുക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പുകളില്‍ ഉണ്ടായിരുന്ന 25500 പേര്‍ക്ക് ടേക്ക് ഹോം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇതിനു പുറമേ വീടുകളിലും മറ്റ് സ്ഥലങ്ങളിലും താമസിച്ചവര്‍ക്കും കിറ്റ് നല്കി. ഇതുപ്രകാരം ഇരുപതിനായിരത്തോളം പേര്‍ക്കു കൂടി കിറ്റ് നല്കി. ഇതുവരെ ആകെ 44500 കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
- Log in to post comments