Skip to main content

ശിശുദിനാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികള്‍

ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം 2023 ന്റെ ഭാഗമായി ഇന്ന് ( നവംബര്‍ 14) ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും. സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ശിശുദിന റാലിയുടെ ഫ്‌ലാഗ് ഓഫ് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് നിര്‍വഹിക്കും. 10 മണിക്ക് കൊല്ലം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി എം മഹേശ്വര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് നദീം ഇഹ്‌സാന്‍ അധ്യക്ഷനാകും. കുമാരി എന്‍ ആയിഷ സ്വാഗതം നല്‍കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ശിശുദിന സന്ദേശം നല്‍കും. കുട്ടികളുടെ സ്പീക്കര്‍ എന്‍ മിഥുന്‍ ശിശുദിന പ്രഭാഷണം നടത്തും. എം നൗഷാദ് എം എല്‍ എ പ്രതിഭകളെ ആദരിക്കും, എം മുകേഷ് എം എല്‍ എ സമ്മാനദാനം നിര്‍വഹിക്കും, മേയര്‍ പ്രസന്ന ഏണസ്റ്റ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ സയന്‍സ് ഗ്ലോബല്‍ ലോഗോ പ്രകാശനം ചെയ്യും, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് സല്യൂട്ട് സ്വീകരിക്കലും അവാര്‍ഡ് ദാനവും നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡി ഷാജിമോന്‍ കുട്ടി കര്‍ഷകരെ ആദരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date