മുഖം മിനുക്കി പറവൂര്‍ മാര്‍ക്കറ്റ്
1912ല്‍ പറവൂര്‍ നഗരസഭയുടെ തുടക്കം മുതല്‍ തന്നെ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നതാണ് പറവൂര്‍ മാര്‍ക്കറ്റ്. ആഗസ്റ്റ് മാസം പെയ്ത കനത്ത മഴയും അണക്കെട്ടുകള്‍ തുറന്നതും വിശാലമായ രണ്ടേക്കര്‍ ഭൂമിയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നിന്ന മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. മാര്‍ക്കറ്റിന്റെ വടക്ക് ഭാഗത്തു കൂടി ഒഴുകുന്ന പറവൂര്‍ പുഴയാണ് ഈ പ്രദേശത്തെ മുഴുവന്‍ വെള്ളത്തിലാക്കിയത്. നൂറോളം സ്ഥാപനങ്ങളും അതിലെ സാധന സാമഗ്രികളുമെല്ലാം വെള്ളം കയറി നശിച്ചു. കച്ചവടക്കാരും തൊഴിലാളികളും ജീവനക്കാരുമടക്കം ആയിരത്തോളം പേരുടെ ഉപജീവന മാര്‍ഗമാണ് പറവൂര്‍ മാര്‍ക്കറ്റ്. പറവൂര്‍ താലൂക്ക് പരിധിയിലെ എല്ലാ വന്‍കിട ചെറുകിട സ്ഥാപനങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കുന്നത് ഇവിടെ നിന്നുമാണ്. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാര്‍ക്കറ്റിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. പറവൂരില്‍ താമസമാക്കിയ ജൂതന്‍മാരാണ് ഇവിടത്തുകാരെ കച്ചവട മേഖലക്ക് പരിചയപ്പെടുത്തുന്നത്. പറവൂര്‍ പുഴയിലൂടെ വലിയ ചങ്ങാടങ്ങളിലും വള്ളങ്ങളിലുമായിരുന്നു അന്നത്തെ കച്ചവടം. കൊടുങ്ങല്ലൂര്‍, വൈപ്പിന്‍, കാലടി തുടങ്ങിയ മേഖലകളില്‍ നിന്നു വരെ കച്ചവടക്കാര്‍ എത്തിയിരുന്നു. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ടെമ്പിള്‍ റോഡ്, ജൂതത്തെരുവ് എന്നിവ പറവൂരിന്റെ വ്യാപാര സിരാകേന്ദ്രങ്ങളായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ അനുവദിച്ച രണ്ട് അണുവിമുക്ത മത്സ്യ മാര്‍ക്കറ്റുകളില്‍ ഒന്നും പറവൂരിലെ മാര്‍ക്കറ്റിലായിരുന്നു.
ആഗസ്റ്റ് 15 ന് വെള്ളം കയറിയതോടെ പറവൂര്‍ മാര്‍ക്കറ്റിനോടൊപ്പം താലൂക്കിലെ മറ്റ് ചെറുകിട വ്യാപാരങ്ങളും നിശ്ചലമായി. അരി, ഉപ്പ്, ശര്‍ക്കര, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങി ഓണത്തിന് കരുതിയിരുന്ന എല്ലാ ചരക്കുകളും വെളളത്തിലായി. ഏകദേശം 1500 ചാക്ക് അരിയാണ് വെള്ളത്തില്‍ നശിച്ചത്. വ്യാപാരികളുടെ വീടുകളിലും വെള്ളം കയറിയതിനാല്‍ അവര്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ കഴിഞ്ഞില്ല. ഏകദേശം പത്ത് കോടിയോളം രൂപയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായി. വെള്ളമിറങ്ങി പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നോഡല്‍ ഓഫീസര്‍ ടിമ്പിള്‍ മാഗിയുടെ നേതൃത്വത്തിലുള്ള സംഘം പറവൂര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. ആഗസ്റ്റ് 31 ന് സംഘം എത്തുമ്പോഴേക്ക് മാര്‍ക്കറ്റും പരിസരവും ദുര്‍ഗന്ധമയമായിരുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെള്ളം കയറി നശിച്ച അരി മാത്രം ഏഴ് ലോറികളിലായാണ് നീക്കം ചെയ്തത്. മാര്‍ക്കറ്റില്‍ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്നത് ശുചീകരണ പ്രവര്‍ത്തകര്‍ക്കു മുന്നിലുള്ള വലിയ വെല്ലുവിളി ആയിരുന്നു. ജൈവ മാലിന്യം ആയതിനാല്‍ കളക്ടറുടെ നിര്‍ദ്ദേശത്തില്‍ പറവൂര്‍ മുനിസിപ്പാലിറ്റി ഇടപെട്ട് കളമശേരിയിലെ സംഭരണ കേന്ദ്രത്തിലേക്ക് മാലിന്യങ്ങള്‍ മാറ്റി.
മാര്‍ക്കറ്റിന്റെ തുറന്ന സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന മാലിന്യങ്ങളാണ് ആദ്യം നീക്കിയത്. ഇതിനായി കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അഞ്ച് ടോറസ് ടിപ്പറുകള്‍ ലഭ്യമാക്കി. പ്രളയം വളരെ ചെറിയ രീതിയില്‍ മാത്രം ബാധിച്ച മേഖലകളിലെ ആളുകളെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ഇരിട്ടി മുനിസിപ്പാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം വോളണ്ടിയര്‍മാരാണ് മാര്‍ക്കറ്റിന്റെ തിരിച്ചു വരവിന് സഹായവുമായി എത്തിയത്. ഇവരോടൊപ്പം മാര്‍ക്കറ്റിലെ തൊഴിലാളികളും കൂടിയപ്പോള്‍ ജോലികള്‍ എളുപ്പമായി. സെപ്തംബര്‍ ഒന്നിന് ഇവിടത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു. വൈകീട്ട് പറവൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരെത്തി വെള്ളം പമ്പ് ചെയ്ത് മാര്‍ക്കറ്റ് മുഴുവന്‍ കഴുകി. മാലിന്യങ്ങള്‍ നീക്കിയതോടെ പകര്‍ച്ച വ്യാധികളില്‍ നിന്നും, മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിലക്കയറ്റത്തില്‍ നിന്നും പറവൂരിനെ രക്ഷിക്കാന്‍ ഇവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്ര വിസ്തൃതിയുള്ള മാര്‍ക്കറ്റില്‍ ഒരു ശുചിമുറി പോലുമില്ല എന്ന കാര്യം ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. യുദ്ധകാലാടിസ്ഥാനത്തില്‍ മാര്‍ക്കറ്റില്‍ ഇ-ടോയ്‌ലറ്റ് സംവിധാനം സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ടിമ്പിള്‍ മാഗി പറഞ്ഞു.
മാര്‍ക്കറ്റിന്റെ ശുചീകരണത്തിന് ശേഷം സമീപത്തുള്ള വീടുകളും പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വെള്ളം കയറി വീട് പൂര്‍ണമായും തകര്‍ന്ന അമ്പിളി - ജയപ്രകാശ് ദമ്പതികള്‍ക്ക് പ്രവര്‍ത്തകര്‍ പുതിയ വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നോഡല്‍ ഓഫീസറുടെ നേതത്വത്തില്‍ അന്‍പോട് കൊച്ചി, റോട്ടറി കൊച്ചി, പറവൂര്‍ മുനിസിപ്പാലിറ്റി വോളണ്ടിയര്‍മാര്‍, കറുകുറ്റി എസ്.സി.എം.എസ് എഞ്ചിനീയറിംഗ് കോളേജിലെ ടെക്‌നിക്കല്‍ വിംഗ് എന്നിവര്‍ സഹകരിച്ചാണ് ഇവരുടെ പുതിയ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുമെങ്കിലും ചൊവ്വ, വെള്ളി ദിവസങ്ങളാണ് 'മാര്‍ക്കറ്റ് ഡേയ്‌സ്'. കച്ചവടം ഏറ്റവും കൂടുതല്‍ നടക്കുന്ന ഈ രണ്ട് ദിവസങ്ങളില്‍ മാത്രമായി ഏകദേശം നാല് കോടി രൂപയുടെ വ്യാപാരമാണ് മാര്‍ക്കറ്റിന് ലഭിക്കുന്നത്. മാര്‍ക്കറ്റ് ഡേയ്‌സിന്റെ തലേ ദിവസം വൈകീട്ട് നാല് മണിയോടെ പഴം, പച്ചക്കറി വ്യാപാരങ്ങള്‍ ആരംഭിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മാര്‍ക്കറ്റ് തുറന്നെങ്കിലും സാധാരണ രീതിയിലുള്ള തിരക്ക് ആരംഭിച്ചിട്ടില്ല. പറവൂര്‍ താലൂക്കിലെ മറ്റ് പഞ്ചായത്തുകളായ ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, ആലങ്ങാട് എന്നിവ ഇനിയും ദുരന്ത മുഖത്തു നിന്നും കരകയറാത്തതാണ് ഇതിന് കാരണമെന്ന് പറവൂര്‍ മാര്‍ക്കറ്റിന്റെ കരാറുകാരന്‍ ജോസ് മാളിയേക്കല്‍ പറഞ്ഞു. മാര്‍ക്കറ്റ് പുനരാരംഭിച്ച് ആദ്യ ദിവസമായ ചൊവ്വാഴ്ച മുഴുവന്‍ കടകളും പ്രവര്‍ത്തിച്ചു എങ്കിലും സാധാരണ വ്യാപാരത്തിന്റെ അന്‍പത് ശതമാനം മാത്രമാണ് കച്ചവടം നടന്നത്. രണ്ട് ആഴ്ചയ്ക്കകം പ്രളയബാധിത പഞ്ചായത്തുകള്‍ പുതു ജീവനിലേക്ക് കരകയറി മാര്‍ക്കറ്റിനെ ഉണര്‍ത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
- Log in to post comments