Skip to main content

നീര്‍ത്തട സെമിനാര്‍ 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രക്യതി വിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി  സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഹരിത കേരളം മിഷനുമായി സഹകരിച്ച് തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തില്‍ നവംബര്‍ 27, 28 തീയതികളില്‍ നീര്‍ത്തടാസൂത്രണം സുസ്ഥിര വികസനത്തിന് എന്ന വിഷയത്തില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിക്കും.  ഉദ്ഘാടനം നവംബര്‍ 27 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കെ മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഹരിത കേരളം മിഷന്റെ രണ്ട് പ്രധാന ഉപമിഷനുകളായ മണ്ണ് ജലസംരക്ഷണവും (ജലസമൃദ്ധി), കൃഷിയും (സുജലം സുഫലം) ഫലപ്രദമായി ആസൂത്രണം ചെയ്യുവാന്‍ സഹായിക്കുന്ന തരത്തില്‍ നീര്‍ത്തടാസൂത്രണത്തിന്റെ വിവിധ വശങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.  അടിസ്ഥാന 'ഭൂവിഭവങ്ങളുടെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി സമഗ്രവും സുസ്ഥിരവും ദീര്‍ഘവീക്ഷണമുളളതുമായ വികസന പദ്ധതികളുടെ ആസൂത്രണം,  പ്രകൃതിവിഭവ പരിപാലനം, ജീവനോപാധികള്‍, പാരിസ്ഥിതിക സുരക്ഷിതത്വം, ഉല്‍പാദന മേഖലകള്‍ എന്നീ മേഖലകളില്‍നിന്നുളള വിദഗ്ധര്‍ രണ്ടു ദിവസങ്ങളിലെ നാല് സെഷനുകളിലായി 14 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നീര്‍ത്തട ആസൂത്രണത്തിലൂടെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാട്ടാക്കട ജലസമൃദ്ധി പദ്ധതി, വരട്ടാര്‍ പുനരുദ്ധാരണം, തൂതപ്പുഴ പുനരുജ്ജീവനം,മുള്ളന്‍ക്കൊല്ലി - പുല്‍പ്പള്ളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി, ഗായത്രി നദീതട പ്ലാന്‍ തുടങ്ങിയവയുടെ അനുഭവങ്ങളും പങ്ക് വെക്കും.

സെമിനാറില്‍ വച്ച് 'ഭൂവിനിയോഗ ബോര്‍ഡ് തയ്യാറാക്കിയ പഞ്ചായത്ത് തല നീര്‍ത്തട 'ഭൂപടങ്ങള്‍ സാങ്കേതിക സമിതികള്‍ക്ക് കൈമാറും.

തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ തല സാങ്കേതിക സമിതി അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആസൂത്രകര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, ഗവേഷകര്‍, മാതൃകാ കര്‍ഷകര്‍ എന്നിവര്‍ അടങ്ങുന്ന 200 പ്രതിനിധികള്‍ പങ്കെടുക്കും.

പി.എന്‍.എക്‌സ്.4998/17

date