Skip to main content

നവകേരള സദസ് : തൊടുപുഴയിലേക്ക് ഒഴുകിയെത്തി ജനസാഗരം

 

മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസിനെ വരവേല്‍ക്കാന്‍ ജനസാഗരമാണ് തൊടുപുഴയിലേക്ക് ഒഴുകിയെത്തിയത്. വമ്പിച്ച ജനപങ്കാളിത്തം ഏവര്‍ക്കും വേറിട്ട അനുഭവമായിരുന്നു ജില്ലയിലെ ആദ്യനവകേരള സദസ്. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആരവങ്ങളും ആഘോഷങ്ങളുമായി അനേകായിരങ്ങളാണ് നവകേരളസദസില്‍ പങ്കാളികളായത്.
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാനും അപേക്ഷകള്‍ സമര്‍പ്പിക്കാനുമായി ഉച്ച മുതല്‍ ജനങ്ങള്‍ ഒന്നാകെ എത്തി തുടങ്ങിയിരുന്നു. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിവേദനം സമര്‍പ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഉള്‍പ്പെടെ 20 കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.
ജനാവലിക്ക് വേണ്ട കുടിവെള്ളം, ഇ-ടോയിലറ്റ്, ഗതാഗത സൗകര്യം, പാര്‍ക്കിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സംഘടക സമിതി സജ്ജമാക്കിയിരുന്നു.
നവകേരള സദസിന് ഓളം തീര്‍ത്ത് തൊടുപുഴ കേളി സംഗമത്തിന്റെ നേതൃത്വത്തില്‍ വാദ്യമേളവും ഏഴല്ലൂര്‍ ശ്രീധര്‍മ ശാസ്ത്ര സംഘത്തിലെ സ്ത്രീകള്‍ അവതരിപ്പിച്ച കൈകൊട്ടികളിയും കുട്ടികളുടെ വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

 

date