ബി.പി.എല്‍ കുടുംബങ്ങളും യൂസര്‍ ഫീ നല്‍കണം
ഹരിത കര്‍മ്മസേന മാലിന്യം ശേഖരിക്കാനുള്ള യൂസര്‍ ഫീ ബി.പി.എല്‍ കുടുംബങ്ങളും നല്‍കണം. ബി.പി.എല്‍ കുടുംബങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് യുസര്‍ഫീ നല്‍കേണ്ട എന്ന ഉത്തരവ് നിയമ ഭേദഗതി വരുത്തിയാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഡിസംബര്‍ 13 ന് ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഉത്തരവില്‍ ബി. പി. എല്‍, ആശ്രയ കുടുംബാംഗങ്ങളുടെ യൂസര്‍ ഫീ ഇളവ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അഗതി, ആശ്രയ, അതിദരിദ്ര കുടുംബങ്ങള്‍ ആണ് യൂസര്‍ ഫീ നല്‍കേണ്ടാത്തവര്‍. യൂസര്‍ ഫീ ഇളവിന് അര്‍ഹതയുള്ള മറ്റു കടുംബങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഗ്രാമസഭ/വാര്‍ഡുസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കാം. ഇത്തരത്തില്‍ യൂസര്‍ഫീ ഒഴിവാക്കുന്ന കുടുംബങ്ങളുടെ യൂസര്‍ ഫീസിന്റെ തുക തദ്ദേശ സ്വയംഭരണ സ്ഥാപനം ഹരിതകര്‍മ്മസേനയ്ക്ക് നല്‍കണം. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്താം. അജൈവ മാലിന്യങ്ങള്‍ കൃത്യമായി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണമെന്നും യൂസര്‍ ഫീ നല്‍കി സഹകരിക്കണമെന്നും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments