മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ, നല്ലൂര്‍നാട്, പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് അഞ്ചാം ക്ലാസിലും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ആറാം ക്ലാസ്സിലേക്കുമാണ് പ്രവേശനം . പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും, കണിയാമ്പറ്റ, നല്ലൂര്‍നാട് എം.ആര്.എസുകളിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും, മറ്റു വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ എം.ആര്.എസില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും, നല്ലൂര്‍നാട് എം.ആര്.എംസില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും, പൂക്കോട് എം.ആര്.എസില്‍ നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 200000/ രൂപയോ, അതില്‍ കുറവോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷ ഫോറത്തിന്റെ മാതൃക www.stmrs.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി മൂന്ന് സ്ഥാപനങ്ങളിലേക്ക് ഓപ്ഷന് നല്‍കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഹാര്‍ഡ് കോപ്പി ഓഫീസില്‍ ഹാജരാക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കിയ അപേക്ഷകള്‍ ജാതി, വരുമാനം, ജനനതീയതി, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവയുമായി ഫെബ്രുവരി 20 നകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിലോ, ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. ഫോണ്‍: 9496070333.
- Log in to post comments