ആസാപ് സ്കില്‍ പാര്‍ക്ക് മന്ത്രി ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെറിയ കലവൂരില്‍ നിര്‍മിച്ച അഡീഷ്നല് സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്) സ്കില്‍ പാര്‍ക്ക് കെട്ടിടം നാളെ (ജനുവരി 23) പകല്‍ 11-ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പുത്തന്‍ തൊഴില്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ യുവാക്കളെ പ്രപ്തരാക്കാനുള്ള ക്രിയാത്മക ചുവട് വെപ്പുകളില്‍ ഒന്നാണ് അസാപ്. ചെറിയ കലവൂര്‍ ക്ഷേത്രത്തിന് സമീപം എ.എസ്. കനാലിനോട് ചേര്‍ന്ന് ജില്ല പഞ്ചായത്തിന്റെ 1.5 ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 16 കോടി രൂപ ചെലവില്‍ 25,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഒരേസമയം 600 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം.
ഐ.ടി, ആക്ടിവിറ്റി ബേസ്ഡ്, ഹെവി മെഷിനറി, പ്രിസിഷന്‍ ബേസ്ഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് നൈപുണി പരിശീലനം നല്‍കുന്നത്. ഇതോടൊപ്പം മെക്കാനിക്കല്‍, ഫാഷന്‍ ഡിസൈനിങ്, കയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ ടെക്നോളജി തുടങ്ങിയവയും വിവിധ രാജ്യങ്ങളിലെ ഭാഷാപഠനത്തിലുള്ള പരിശീലനവും നല്‍കും.
വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം നൈപുണി പരിശീലനം കൂടി നല്കി തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ആസാപ്പിന്റെ ലക്ഷ്യം. ഈ സേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു- സ്വകാര്യ പങ്കാളിത്ത രീതിയിലാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്കില്‍ പാര്‍ക്കുകളിലെ കോഴ്സുകള്‍ തീരുമാനിക്കാനും പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താനുമായി ജില്ല കളക്ടര്‍ അധ്യക്ഷനായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാര്‍ഡ് അംഗം, വിദ്യാഭ്യാസ വിദഗ്ദ്ധന്, വ്യവസായിക പ്രമുഖര്‍, അസാപ്പ് പ്രതിനിധി എന്നിവര്‍ അംഗങ്ങളായുമുളള ഗവേണിംഗ് കമ്മിറ്റിയുമുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.
ചടങ്ങില്‍ എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ടെക്ജന്‍ഷ്യ സി.ഇ.ഒ & കോ-ഫൗണ്ടര്‍ ഡയറക്ടര്‍ ജോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് വിശിഷ്ടാതിഥിയാകും. അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്സ് ഹെഡ് ലെഫ്: കമാന്‍ഡര്‍ (റിട്ട ) ഇ.വി സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസാപ് കേരള ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഉഷ ടൈറ്റസ്, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, ജില്ല പഞ്ചായത്തംഗം ആര്. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാരായ ടി. വി. അജിത് കുമാര്‍, പി.പി. സംഗീത, സുദര്‍ശനാഭായി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം തിലകമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. ബിജുമോന്, വി.എസ്. ഗീതാ കുമാരി, അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് അസോസിയേറ്റ് ഡയറക്ടര്‍ സെന്‍ട്രല്‍ സോണ്‍ കെ.വി. രാകേഷ് മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments