Skip to main content

'മുഖാമുഖ'ത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി 

 

നവ വൈജ്ഞാനിക സമൂഹമായി കേരളത്തെ എപ്രകാരം മാറ്റാം എന്ന് വിദ്യാർഥികൾക്ക്  അഭിപ്രായം പറയാനുള്ള വേദി:  മന്ത്രി ഡോ. ആർ ബിന്ദു 

വികസിത നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി നവവൈജ്ഞാനിക സമൂഹമായി കേരളത്തെ എപ്രകാരം മാറ്റാം എന്നതിലേക്ക് വിദ്യാർത്ഥികളുടെ അഭിപ്രായം ആരായുന്ന വേദിയാണ് 
മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയെ ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. 

"ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സമീപനമാണ് ഈ സർക്കാരിനുള്ളത്. 
സമഭാവനയിൽ അധിഷ്ഠിതമായ വികസിത നവകേരളം കെട്ടിപ്പടുക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താം,  നവ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുന്നത് എപ്രകാരം തുടങ്ങിയ ആലോചനകളിൽ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ ആരായുക എന്നതാണ് മുഖാമുഖം പരിപാടിയുടെ പ്രധാന ഉദ്ദേശ്യം," മന്ത്രി വ്യക്തമാക്കി. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ
സാധ്യതകളെക്കുറിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി അവതരിപ്പിക്കാം.  

ഫെബ്രുവരി 18ന് രാവിലെ 9.30 മുതൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.  

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖം പരിപാടിയിൽ 
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. 
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ ആരോഗ്യമന്ത്രി വീണാ ജോർജ്, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും.

കേരളത്തിലെ എല്ലാ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള 2000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ 60 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുമായി നേരിൽ സംവദിക്കും. 

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ, കാലിക്കറ്റ് സർവകലാശാല വി സി പ്രൊഫ എം കെ ജയരാജ്, ഡിജിറ്റൽ സർവകലാശാല വി സി പ്രൊഫ സജി ഗോപിനാഥ്, കാലടി സംസ്കൃത സർവകലാശാല വി സി പ്രൊഫ എം വി നാരായണൻ, എം ജി യൂണിവേഴ്സിറ്റി വി സി പ്രൊഫ സി ടി അരവിന്ദകുമാർ, കുസാറ്റ് വി സി പ്രൊഫ പി ജി ശങ്കരൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ ജിജു പി അലക്സ്, സ്റ്റേറ്റ് എജുക്കേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജെ പ്രസാദ്,  എം.ജി സർവകലാശാല വിസിറ്റിംഗ് ജെൻഡർ എക്സ്പെർട്ട് ഡോ മീര വേലായുധൻ,  കാലിക്കറ്റ് സർവകലാശാല റിട്ട. പ്രൊഫസർ കെ ഫാത്തിമത്ത് സുഹ്റ എന്നിവരാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പങ്കെടുക്കുന്ന വിദഗ്ദർ. 

ഉച്ച ഒന്നര വരെയാണ് പരിപാടി.

date