കിന്‍ഫ്രയുടെ വ്യാവസായിക ജല വിതരണ പദ്ധതി പുനരാരംഭിക്കുന്നു
കിന്‍ഫ്രയുടെ വ്യാവസായിക ജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ ഫെബ്രുവരി 19 ന് പുനരാരംഭിക്കും. പദ്ധതിക്കായുളള പൈപ്പിടല്‍ ജോലികള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. പൈപ്പ് ലൈന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വാഹനങ്ങള്‍ വഴിതിരിച്ചു വിടും. ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ഗതാഗത പുനര്‍ ക്രമീകരണ ബോര്‍ഡുകള്‍ മലയാളത്തിലും ഹിന്ദിയിലും സ്ഥാപിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ട്രാഫിക് വാര്‍ഡനെ നിയമിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെ സഹകരണം കിന്‍ഫ്ര യോഗത്തില്‍ അഭ്യര്‍ഥിച്ചു.
പെരിയാറില്‍ നിന്ന് പദ്ധതിക്കായി കിന്‍ഫ്രയ്ക്ക് ജലം നല്കിയാല് ജലദൗര്‍ലഭ്യം രൂക്ഷമാകും എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് 2022 ല്‍ ആരംഭിച്ച പൈപ്പിടല്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ പെരിയാറില്‍ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വീണ്ടും ആരംഭിക്കുന്നത്. ജല അതോറിറ്റിയിടേയും ജലസേചന വകുപ്പിന്റെയും കിന്‍ഫ്രയുടെയും ആവശ്യങ്ങള്‍ക്ക് ശേഷവും 1043 ദശലക്ഷം ലിറ്ററോളം ജലം ബാക്കിയുണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. വേനല്ക്കാലത്തു നദിയിലെ ജല ദൗര്‍ലഭ്യത പരിഹരിക്കുന്നതിനായി പുറപ്പള്ളിക്കാവ് റെഗുലേറ്ററിന്റെ മാക്സിമം ലെവല്‍ ഉപയോഗപ്പെടുത്തുന്നതിന് ക്രോസ് റെഗുലേറ്റര്‍ സ്ഥാപിക്കുവാന്‍ ജല വകുപ്പ് തീരുമാനിച്ചു. കൂടാതെ 190 ദശലക്ഷം സ്ഥാപിത ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ കിന്‍ഫ്ര, പിഡബ്ല്യുഡി, കേരള വാട്ടര്‍ അതോറിറ്റി, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ട്രാഫിക് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments