Skip to main content

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞം; മാധ്യമ ശില്‍പ്പശാല സംഘടിപ്പിച്ചു

 

ജില്ലാ ആരോഗ്യവകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും സംയുക്തമായി 'ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞം' മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു.

കുഷ്ഠരോഗനിര്‍മാര്‍ജനത്തിലും മറ്റ് പകര്‍ച്ചവ്യാധി പതിരോധത്തിലും മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല ഉദ്ഘാടനം ചെയ്തു.  കുഷ്ഠരോഗം പൂര്‍ണ്ണമായി നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പൂര്‍ണ്ണമായ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍  ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അധ്യക്ഷത വഹിച്ചു.  

കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തില്‍ നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മിഥ്യാധാരണകള്‍, സാമൂഹിക അവജ്ഞത എന്നീ വിഷയത്തിലും ജില്ലയിലെ ആരോഗ്യരംഗത്തു പ്രധാന വെല്ലുവിളികളായ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധത്തില്‍ ജനങ്ങളില്‍ ശാസ്ത്രീയ അവബോധവും വ്യക്തിശുചിത്വവും പരിസരശുചിത്വവും മികച്ച ആരോഗ്യശീലങ്ങളും ജീവിതരീതിയുടെ ഭാഗമാക്കി മാറ്റുവാന്‍ മാധ്യമങ്ങള്‍ക്കുള്ള വലിയ പങ്കിനെക്കുറിച്ചും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സവിത എന്നിവര്‍ ശില്‍പശാലയില്‍ സംസാരിച്ചു.

കൂടാതെ ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും തുടര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചയും നടന്നു. 

മാധ്യമശില്‍പ്പശാലയില്‍ എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍ ഹരികുമാര്‍, സെക്രട്ടറി സൂഫി മുഹമ്മദ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.രോഹിണി, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ സി.എം ശ്രീജ,  അസി.ലെപ്രസി ഓഫീസര്‍ കെ.എസ് ജയകുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date