Skip to main content

ഭൂമി തരം മാറ്റം അദാലത്ത് തടസം നീങ്ങി; സ്വന്തം ഭൂമിയില്‍ വിനോദിനും സുരേഖയ്ക്കും വീട് യാഥാര്‍ഥ്യമാകും

 

വീടിന്റെ പണി തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കാം എന്ന ആശ്വാസത്തോടെയാണ് കുമ്പളങ്ങി സ്വദേശിയായ വിനോദും ഭാര്യ സുരേഖയും ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഭൂമി തരം മാറ്റല്‍ അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്. ആകെയുള്ള രണ്ടര സെന്റ് ഭൂമി തരം മാറ്റി കിട്ടിയ സന്തോഷത്തിലാണ് ഈ കുടുംബം.

കുമ്പളങ്ങി ആഞ്ഞിലിത്തറ കൊഴിഞ്ഞവേലി വീട്ടില്‍ വിനോദിന്  2019ല്‍ അച്ഛനില്‍ നിന്ന്  കൈമാറി കിട്ടിയതാണ്  കൊച്ചി താലൂക്കില്‍ കുമ്പളങ്ങി വില്ലേജിലുള്ള രണ്ടര സെന്റ് ഭൂമി. ഇവിടെ  കൈമാറി കിട്ടിയ 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം വാസയോഗ്യമല്ലാത്തതിനെ തുടര്‍ന്നാണ് പുതിയ വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളിയായ വിനോദിന്  ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണത്തിന് തുക ലഭിച്ചിരുന്നു. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തുക ആവശ്യമായ സാഹചര്യത്തിലാണ് ലോണിനായി അപേക്ഷിച്ചത്.

എന്നാല്‍ ആകെയുള്ള രണ്ടര സെന്റ് ഭൂമി ഡേറ്റാ ബാങ്കില്‍ നിലമായാണ് കിടന്നിരുന്നത്. ഇതിനെ തുടര്‍ന്ന് ലോണ്‍ കിട്ടാതെ വന്നതോടെ വീട് നിര്‍മ്മാണവും പ്രതിസന്ധിയിലായി. തുടര്‍ന്ന് രണ്ടര വര്‍ഷം മുന്‍പ് നല്‍കിയ അപേക്ഷക്കാണ് ആലുവ യുസി കോളേജില്‍ നടന്ന ഭൂമി തരം മാറ്റാന്‍ അദാലത്തില്‍ പരിഹാരമായിരിക്കുന്നത്. വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയോടെയാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന വിനോദിന്റെ കുടുംബം.

date