Skip to main content

പെഴയ്ക്കാപ്പിളളി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹൈടെക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

കൊച്ചി: മൂവാറ്റുപുഴയിലെ പെഴയ്ക്കാപ്പിളളി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹൈടെക് ക്ലാസ്സ് മുറികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് പുതിയത് നിർമ്മിക്കുന്നത്. ഹയര്‍സെക്കണ്ടറിയുടെ ലാബ് പ്രവര്‍ത്തിക്കുന്ന 1951-ല്‍ നിര്‍മിച്ച കെട്ടിടവും, 1977-ല്‍ നിര്‍മിച്ച എല്‍.പി.വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടവും, 1994-ല്‍ നിര്‍മിച്ച ലാറി ബേക്കര്‍ കെട്ടിടവുമാണ് പൊളിച്ച് മാറ്റുന്നത്. സ്‌കൂള്‍ പൊളിച്ച് മാറ്റുന്നതിനുള്ള ലേലം കഴിഞ്ഞ ദിവസം നടന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസ്സ് മുറികള്‍ മറ്റ് മന്ദിരങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കും. അടുത്ത ദിവസം തന്നെ സ്‌കൂള്‍ കെട്ടിടം പൊളിയ്ക്കല്‍ ആരംഭിക്കും.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ആദ്യ ഹൈടക് സ്‌കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 6.95-കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ വാപ്‌കോസ് 6.95-കോടിരൂപയുടെ പ്രൊജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് കോടി രൂപ സംസ്ഥാനസര്‍ക്കാരും 1.95-കോടിരൂപ എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ നാഷ്ണലേസ്റ്റ് ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, വിവിധ സംഘടനകള്‍, വിക്തികള്‍ എന്നിവരില്‍ നിന്നും സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 

സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. സ്‌കൂളിലെ ഓരോ കെട്ടിടങ്ങളും തമ്മില്‍ ബന്ധിപ്പിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ഓരോ നിലകളിലും അതാത് ഫ്ളോറുകളില്‍ പ്രത്യേകം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍  ശൗചാലയങ്ങൾ തയ്യാറാക്കും. ക്ലാസ് മുറികളെല്ലാം സ്മാര്‍ട്ട് ക്ലാസ് റൂമാക്കി മാറ്റും. ഇതിന് പുറമെ മാലിന്യ സംസ്‌കരണ പ്ലാന്റും സജ്ജമാക്കും. ആധുനീക രീതിയിലുള്ള പാചകപ്പുരയും ഒരുക്കും. ആധുനീക ടെക്നോളജിയില്‍ രൂപപ്പെടുത്തിയ സ്‌കൂള്‍ കവാടം നിര്‍മിക്കും.  

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂള്‍. 

അനേകായിരങ്ങള്‍ ആണ് ഇവിടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.1951ല്‍ എല്‍പി സ്‌കൂളായിട്ടാണ് പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1970-ല്‍ യുപി സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2004-ല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളായും ഉയര്‍ത്തി.സ്‌കൂളില്‍ പഠിച്ച് ഉന്നത നിലയിലെത്തിയ രാഷ്ട്രീയ-സാമുഹിക-സാംസ്‌കാരിക രംഗത്ത് തിളങ്ങുന്നവര്‍ ഏറെയാണ്. ഈ സ്‌കൂളില്‍ നിന്നും ഹരിശ്രീ കുറിച്ച പശ്ചമബംഗാള്‍ നൂനപക്ഷ ക്ഷേമ സെക്രട്ടറി ഡോ.പി.ബി.സലീം, പത്തിനംതിട്ട ജില്ലാ കളക്ടര്‍ ഡോ.പി.ബി.നൂഹ് എന്നീ രണ്ട് ഐഎഎസ് കാരും പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിന് സ്വന്തം. കഴിഞ്ഞ വര്‍ഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സി.എന്‍.കുഞ്ഞുമോള്‍ ടീച്ചര്‍ ഈ സ്‌കൂളിലെ മലയാളം അധ്യാപികയാണ്. ജില്ലയില്‍ മികച്ച പി.ടി.എക്കുള്ള അവാര്‍ഡും പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹെയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. അംങ്കണവാടി, പ്രീപ്രൈമറി സ്‌കൂള്‍, അടക്കം ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളില്‍ 800-ഓളം വിദ്യാര്‍ത്ഥികളും 60-ഓളം അധ്യാപകരും അഞ്ച് ഇതര ജീവനക്കാരും സ്‌കൂളിലുണ്ട്. മൂന്ന് ഏക്കറോളം സ്ഥലം സ്വന്തമായിട്ടുള്ള സ്‌കൂളില്‍ നിലവില്‍ പുതിയതും പഴയതുമായി ആറ് കെട്ടിടങ്ങള്‍ സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളാണിത്.

date