Skip to main content

ഫ്‌ളക്‌സ് നിരോധനം കര്‍ശനമാക്കാന്‍ ഡിപിസി  തദ്ദേശ സ്ഥാപനങ്ങള്‍ നടപടികള്‍ ശക്തമാക്കണം;  ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്തുമാറ്റി ചെലവ് ഈടാക്കും

    മനുഷ്യനും പ്രകൃതിക്കും ഏറെ നാശം വിതയ്ക്കുന്ന പിവിസി ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകള്‍ക്കുമെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ നിന്ന് ഏറെക്കുറെ തുടച്ചുമാറ്റപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയ സാഹചര്യത്തിലാണിത്. ഫ്‌ളക്‌സ്-പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം വിജയകരമായി നടപ്പിലാക്കിയതിന് ദേശീയ തലത്തില്‍ അംഗീകാരം നേടിയ ജില്ലയാണ് കണ്ണൂരെന്ന് യോഗത്തില്‍ അധ്യക്ഷം വഹിച്ച ഡിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. എന്നാല്‍ പതുക്കെ അതില്‍ നിന്ന് പിറകോട്ടുപോകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇതിനു പിന്നില്‍ ശക്തമായ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്‌ളക്‌സുകള്‍ തിരിച്ചെടുത്ത് ആധുനിക കേന്ദ്രത്തിലെത്തിച്ച് സംസ്‌ക്കരിക്കുമെന്നൊക്കെയാണ് ഇക്കൂട്ടര്‍ പറയുന്നത്. ആറു കോടി രൂപ ചെലവില്‍ ഇത്തരമൊരു ഫ്‌ളക്‌സ് റീസൈക്ലിംഗ് സംവിധാനം നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
    ഫ്‌ളക്‌സ് നിരോധനം നടപ്പിലാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടികള്‍ കര്‍ശനമാക്കണം. നിലവിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റി അതിനുള്ള ചെലവ് സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചാ മനസ്ഥിതി ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഇത്തരം കേസുകളില്‍ നടപടികളെടുക്കാന്‍ അധികാരമുണ്ട്. ജനപ്രതിനിധികള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണങ്ങളില്‍ ഫ്‌ളക്‌സ് ഒഴിവാക്കി തുണി ഉപയോഗിക്കാന്‍ നേരത്തേ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരുന്നു. പ്രധാന പാര്‍ട്ടികളും യുവജന പ്രസ്ഥാനങ്ങളും ഇക്കാര്യം ശക്തമായി പാലിച്ചുപോരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
    സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫ്‌ളക്‌സും പ്ലാസ്റ്റിക് കാരിബാഗും ഡിസ്‌പോസബ്ള്‍ സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ മേധാവികള്‍ മുന്‍കൈയെടുക്കണം. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതപെരുമാറ്റച്ചട്ടം ശക്തമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ശുചിത്വമിഷന്‍ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചില ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കാരിബാഗും ഡിസ്‌പോസബ്ള്‍സും തിരിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
    നഗരങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്ത(ഒഡിഎഫ്)മാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മട്ടന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകള്‍ ശുചിത്വമിഷന്റെ പുരസ്‌കാരത്തിന് അര്‍ഹരായി.
    ഹരിതകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ശുചീകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 20നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ യോഗം വിളിക്കണമെന്ന് കെ വി സുമേഷ് ആവശ്യപ്പെട്ടു. 2019-2020ലെ വാര്‍ഷിക പദ്ധതി ഡിസംബര്‍ 31 നകം തയ്യാറാക്കണം. കുറ്റിയാട്ടൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായതു പോലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരേ ജാഗ്രത വേണമെന്നും യോഗം അഭിപ്രായപ്പെട്ടു. 
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, അജിത്ത് മാട്ടൂല്‍, ടി ടി റംല, കെ ശോഭ, പി ഗൗരി, പി ജാനകി ടീച്ചര്‍, സുമിത്ര ഭാസ്‌കരന്‍, പി കെ ശ്യാമള ടീച്ചര്‍, എം സുകുമാരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date