ഗാന്ധിജയന്തി ജില്ലാതല ക്വിസ് മൽസരം സെപ്റ്റംബർ 27ന്
ആലപ്പുഴ: 2018 ലെ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്ക്കൂൾ /കോളജ് വിദ്യാർഥികൾക്കായുള്ള ഗാന്ധിജയന്തി ജില്ലാതല ക്വിസ് മൽസരം സെപ്റ്റംബർ 27ന് 11 ന് ആലപ്പുഴ ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടത്തും. എല്ലാ സർക്കാർ സ്ക്കൂളുകൾക്കും, അംഗീകൃത എയിഡഡ്, അൺഎയിഡഡ്, സ്റ്റേറ്റ,് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി സിലബസ് സ്ക്കൂളുകൾക്കും സർക്കാർ കോളജുകൾക്കും, സ്വകാര്യ, സ്വാശ്രയ കോളേജുകൾക്കും മൽസരത്തിൽ പങ്കെടുക്കാം. സ്ക്കൂളിൽ നിന്നും കോളജിൽ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ.
മൽസരത്തിൽ പങ്കെടുക്കുന്ന ടീമിൽ നിന്നും നിർബന്ധമായും സ്ക്കൂൾ പ്രിൻസിപ്പലിന്റെ/ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. മൽസര വിഷയം മഹാത്മഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും സംബന്ധിച്ചാണ്. മൽസരങ്ങൾ പൂർണ്ണമായും മലയാള ഭാഷയിലായിരിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് ഒക്ടോബർ ആറിന് രാവിലെ 9.30ന് തിരുവനന്തപുരത്ത് ഖാദി ബോർഡിൽ നടക്കുന്ന സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ് മൽസരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ. 0477 2252341, 9497107528
- Log in to post comments