Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്  ബാങ്ക് ഹാജരായില്ല; കടക്കണക്ക് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം 

കൊച്ചി: ബാങ്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് കടക്കണക്ക് അവസാനിപ്പിക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കി കമ്മീഷന്‍ ഉത്തരവിട്ടു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗിലാണ് കടക്കണക്ക് അവസാനിപ്പിക്കാന്‍ കൊച്ചി താലൂക്ക് അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചത്. വായ്പാ ബാദ്ധ്യതയുള്ള ഒരു മത്സ്യത്തൊഴിലാളിക്ക് 2010 ഡിസംബറിലെ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കടാശ്വാസമായി 75,000 രൂപ മുതലും 18,064 രൂപ പലിശയും കൂടി 93,064 രൂപ അനുവദിച്ചിരുന്നു.   പലിശയിലും പിഴപ്പലിശയിലും മറ്റ് ചെലവുകളിലും വകമാറ്റി വകയിരുത്തുകയും ചെയ്ത ബാങ്കിന്റെ നടപടി ശരിയല്ല എന്ന് കണ്ട് വായ്പ കണക്ക് തീര്‍പ്പാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വായ്പ തീര്‍പ്പാക്കാതെ മുന്നോട്ട് പോയ കേസില്‍ ഹാജരാകാന്‍ ബാങ്കിനോട്  നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെയും ബാങ്ക് ഹാജരായില്ല.

പറവൂര്‍ പടിഞ്ഞാറെ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വായ്പയെടുത്ത ഒരു മത്സ്യത്തൊഴിലാളിയുടെ വായ്പയിലേക്ക് കടാശ്വാസം ലഭിച്ചിട്ടും വായ്പ തീര്‍പ്പാക്കാതെ കൂടുതല്‍ തുക ലഭിക്കാന്‍ നിര്‍ബന്ധിക്കുന്ന ബാങ്കിന്റെ നടപടി ശരിയല്ലെന്നും ആര്‍ബിട്രേഷന്‍ നടപടികള്‍ ഉണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഈ കേസ് അടുത്ത അദാലത്തിലേക്ക് മാറ്റി.

കാത്തലിക് സിറിയന്‍ ബാങ്കിന്റെ തോപ്പുംപടി ശാഖയില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിയുടെ കടത്തിലേക്ക് അര്‍ഹമായ മുതലും പലിശ വിഹിതവുമായി 42,250 രൂപ കടാശ്വാസം അനുവദിച്ചിട്ടും റിക്കവറി നടപടികളുമായി മുന്നോട്ട് പോയതായുള്ള പരാതിയില്‍ നടന്ന തെളിവെടുപ്പില്‍ വായ്പ തീര്‍പ്പാക്കാമെന്ന്  ബാങ്ക് റിക്കവറി ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. 

എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ഞാറക്കല്‍ ശാഖയില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസ തുകക്ക് പുറമെ ബാക്കി അടവാകാനുള്ള തുക അടച്ച സാഹചര്യത്തിലും കമ്മീഷന്‍ ശു പാര്‍ശ ചെയ്ത കടാശ്വാസ തുക നല്‍കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് സ്വീകരിച്ച സ്ഥിതിക്കും അദ്ദേഹത്തിന്റെ ഈടാധാരം തിരികെ നല്‍കാന്‍ ബാങ്കിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ ചാത്തേടം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിയുടെ 25,000 രൂപയുടെ കടത്തിലേക്ക് കടാശ്വാസമായി മുഴുവന്‍ മുതലും പലിശ വിഹിതവും സഹിതം 26760 അനുവദിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 

ചില കേസുകളുമായി ബന്ധപ്പെട്ട്  ബാങ്കുകളുടെയും  പരാതിക്കാരുടെയും  അഭാവത്തില്‍ നടപടി പൂര്‍ത്തിയാവാത്തതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. 

സര്‍ക്കാര്‍ മുതലിനത്തില്‍ അനുവദിക്കുന്ന തുക മുതലിനത്തിലും പലിശയിനത്തില്‍ അനുവദിക്കുന്ന തുക പലിശയിനത്തിലും തന്നെ വകയിരുത്തണമെന്ന് പല ഘട്ടങ്ങളിലും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2012-ല്‍  സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വായ്പ കണക്കുകളില്‍ വകയിരുത്താതെ കടക്കെണിയില്‍ തന്നെ അകപ്പെടുന്ന സ്ഥിതി വരുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചു. 

എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, കമ്മീഷന്‍ മെമ്പര്‍ കൂട്ടായി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ  സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസിലേയും ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെയും ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളും നോട്ടീസ് ലഭിച്ചവരില്‍ 27 പരാതിക്കാരും 16 ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും അദാലത്തില്‍ പങ്കെടുത്തു.

 

date