Skip to main content

ഫലമറിയാന്‍ മണിക്കൂറുകള്‍; വോട്ടെണ്ണലിന് സജ്ജമായി ജില്ല 

 

---കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല---

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ജൂണ്‍ 4 ചൊവ്വാഴ്ച നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുസാറ്റിലും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആലുവ യുസി കോളേജിലുമാണ് നടക്കുക. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്കുള്ള പരിശീലനം എറണാകുളം ലോക്സഭാ മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും  ചാലക്കുടി മണ്ഡലം വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രാഹാമിന്റെയും നേതൃത്വത്തില്‍ നടന്നു. പരിശീലനത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടെണ്ണല്‍ സംബന്ധിച്ച മോക്ക് ഡ്രില്ലും നടന്നു. 

സ്‌ട്രോംഗ് റൂമില്‍ നിന്ന് വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ മേശയിലെത്തുന്നതു വരെയുള്ള ഘട്ടങ്ങളുടെ ചുമതലയുള്ള ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. 

ജൂണ്‍ നാലിന് രാവിലെ ആറിന് സ്ട്രോംഗ് റൂം തുറക്കും. വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ചൊവ്വ (4) രാവിലെ 6 ന് അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. വോട്ടെണ്ണല്‍ ഡ്യൂട്ടിക്കുള്ള ആദ്യഘട്ട റാന്‍ഡമൈ സഷന്‍ കഴിഞ്ഞു. ഇതില്‍ ഏത് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് ഡ്യൂട്ടിയെന്ന് നിര്‍ണയിച്ചു. രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ നിയമസഭാ മണ്ഡലം നിര്‍ണയിക്കും. മൂന്നാമത്തെയും അവസാനത്തെയും റാന്‍ഡമൈസേഷനിലാകും ഏത് ടേബിളിലാണ് ഡ്യൂട്ടിയെന്ന് വ്യക്തമാകുക. 4 ന് വെളുപ്പിന് അഞ്ചിനായിരിക്കും അവസാനഘട്ട റാന്‍ഡമൈസേഷന്‍ നടക്കുക. വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ഹാളിനു പുറത്തുള്ള റിസപ്ഷന്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുള്ള ക്ലോക്ക് റൂമില്‍ ജീവനക്കാര്‍ക്ക് ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാം. 

 

ആദ്യം പോസ്റ്റല്‍ ബാലറ്റ്

 

രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. എറണാകുളം മണ്ഡലത്തില്‍ ആകെ 6902 പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആബ്‌സന്റീ വോട്ടര്‍മാരുടെ വിവിധ വിഭാഗങ്ങളിലായാണിത്. 
എ വി എസ് സി - 4062, എ വി പി ഡി - 1096, എ വി ഇ എസ് - 373, വി എഫ് സി - 1102 എന്നീ വിഭാഗങ്ങളിലും സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള
ഇടിപിബിഎസ് വിഭാഗത്തില്‍ 269 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. 

ചാലക്കുടി മണ്ഡലത്തില്‍ ആകെ 10705 പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആബ്‌സന്റീ വോട്ടര്‍മാരുടെ വിവിധ വിഭാഗങ്ങളിലായാണിത്. 
എ വി എസ് സി - 6724, എ വി പി ഡി - 1979, എ വി ഇ എസ് - 348, വി എഫ് സി - 1352 എന്നീ വിഭാഗങ്ങളിലും സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള
ഇടിപിബിഎസ് വിഭാഗത്തില്‍ 302വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. 

ഒരു ഹാള്‍ രണ്ടായി തിരിച്ച് രണ്ട് വോട്ടെണ്ണല്‍ ഹാളുകളാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഹാളിലും 14 ടേബിളുകളുണ്ടാകും. ആകെ 28 ടേബിളുകളിലായാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. വരണാധികാരിയുടെ നേതൃത്വത്തിലാകും വോട്ടുകള്‍ എണ്ണുക. ഇടിപിബിഎസ് വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് ടേബിളുകളിലായി രണ്ട് സ്‌കാനിംഗ് സൂപ്പര്‍വൈസര്‍മാരും മൂന്ന് സ്‌കാനിംഗ് മെഷീനുകളും മൂന്ന് റിസര്‍വ് മെഷീനുകളും സജ്ജമാണ്. 

8.30 നാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ മെഷീനുകള്‍ എണ്ണി തുടങ്ങുക. ഇവിഎം മെഷീനുകള്‍ എണ്ണുന്ന ഓരോ മേശയിലും നാല് ഉദ്യോഗസ്ഥരുണ്ടാകും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയില്‍ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടാകുക. 

 

 

വോട്ടെണ്ണല്‍ - റൗണ്ടുകള്‍

 

ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടുകള്‍ ഓരോ ഹാളിലാകും എണ്ണുക. നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമേ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ഹാളുകളും ഇതിലുള്‍പ്പെടും. ഒരു ഹാളില്‍ 14 ടേബിളുകളായിരിക്കും ഉണ്ടാകുക. ഒരു ടേബിളിലും ഒരു സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു ഗ്രൂപ്പ് ഡി ജീവനക്കാരന്‍ എന്നിവരുണ്ടാകും. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍. 

 

എറണാകുളം മണ്ഡലം

നിയോജക മണ്ഡലം - പോളിംഗ് സ്‌റ്റേഷനുകള്‍, റൗണ്ടുകള്‍ എന്ന ക്രമത്തില്‍

കളമശേരി - 174, (13)
പറവൂര്‍ - 175, (13)
വൈപ്പിന്‍ - 147, (11)
കൊച്ചി - 157, (12)
തൃപ്പൂണിത്തുറ - 173, (13)
എറണാകുളം - 140, (10)
തൃക്കാക്കര - 164, (12)

 

ചാലക്കുടി മണ്ഡലം

നിമയസഭാ മണ്ഡലം-പോളിംഗ് സ്‌റ്റേഷനുകള്‍, റൗണ്ടുകള്‍ എന്ന ക്രമത്തില്‍

കൈപ്പമംഗലം-153 (11 റൗണ്ടുകള്‍)
ചാലക്കുടി -185 (14)
കൊടുങ്ങല്ലൂര്‍ - 174 (13)
പെരുമ്പാവൂര്‍ - 170(13)
അങ്കമാലി - 155 (12)
ആലുവ - 176 (13)
കുന്നത്തുനാട് - 185 (14)

 

 

ജീവനക്കാര്‍

 

എറണാകുളം മണ്ഡലത്തില്‍ 133 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 133 കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, 133 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവരടക്കം 399 ജീവനക്കാരാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിന് ഉണ്ടാകുക.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ആകെ 33 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, 36 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 72 കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, 36 മൈക്രോ ഒബ്‌സര്‍മാര്‍ എന്നിവരടക്കം 177 ജീവനക്കാരാണ് ഉണ്ടാകുക. റിസര്‍വ് ജീവനക്കാരുടെ എണ്ണം ഉള്‍പ്പടെയാണിത്.  

ചാലക്കുടി മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണുന്നതിനായി 399 ജീവനക്കാരും പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 147 ജീവനക്കാരും ഉള്‍പ്പടെ 546 പേരെയാണ് നിയോഗിക്കുക. 

 

സുരക്ഷ

മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. സ്‌ട്രോംഗ് റൂം, കൗണ്ടിന്റെ ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പോലീസ് സുരക്ഷയൊരുക്കും. കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പോലീസിനും രണ്ടാം ഗേറ്റ്് മുതല്‍ സംസ്ഥാന ആംഡ് പോലീസിനുമാണ് സുരക്ഷാ ചുമതല. 

സ്ഥാനാര്‍ഥികളെയും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിനെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യുന്ന കൗണ്ടിംഗ് ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കൂ. 

വിവിപാറ്റ്

മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായ ശേഷമായിരിക്കും വിവിപാറ്റ് മെഷീനുകള്‍ എണ്ണുക. ലോക്‌സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകളാണ് എണ്ണുക. വോട്ടിംഗ് യന്ത്രത്തില്‍ ചെയ്ത വോട്ട് അതേ ചിഹ്നത്തില്‍ തന്നെയാണ് പതിഞ്ഞതെന്ന് ബോധ്യപ്പെടുത്താനാണ് വിവിപാറ്റ് മെഷീന്‍. രസീതുകള്‍ എണ്ണുന്ന വിവിപാറ്റ് മെഷീനുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. 

വോട്ടെണ്ണല്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചട്ടപ്രകാരമുള്ള അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ വിവരങ്ങള്‍, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അനക്‌സര്‍ 33,34 പ്രകാരം നല്‍കിയിട്ടുണ്ട്. 

വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും അതത് നിയമസഭാ മണ്ഡലം തിരിച്ച് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും.

date