Skip to main content

പ്രളയാനന്തര പുനർനിർമ്മാണത്തിന് തൊഴിലുറപ്പിൽ  അധിക തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും

ആലപ്പുഴ: പ്രളയത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ട സാഹചര്യത്തിൽ തൊഴിലുറപ്പുപദ്ധതിയിലൂടെ അത്തരം കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് പദ്ധതി അനുയോജ്യമായ മാറ്റം വരുത്തി വിപുലീകരിക്കാൻ സർക്കാരിന്റെയും മിഷൻ ഡയറക്ടറുടെയും നിർദ്ദേശം ലഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ദിശ (ഡിസ്ട്രിക് ഡെവലപ്‌മെൻറ് കോ-ഓഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മറ്റി) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  പുതിയ നിർദ്ദേശപ്രകാരം പ്രളയാനന്തരം പ്രവർത്തനങ്ങൾക്കായി അധിക കർമ്മ പദ്ധതി വഴി 9 4 6 3 8 4 1 തൊഴിൽദിനങ്ങൾ അധികമായി സൃഷ്ടിക്കും.   

      പ്രളയത്തിൽ തൊഴിൽകാർഡ് നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും പുതിയ തൊഴിൽ കാർഡുകൾ വിതരണം ചെയ്യും. പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ ഉടൻതന്നെ തൊഴിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും തൊഴിലിനുള്ള അപേക്ഷ സ്വീകരിക്കുകയും വേണം. ഓരോ ഗ്രാമപഞ്ചായത്തിലും പ്രളയക്കെടുതിയെ ത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തി പൊതു അടിസ്ഥാനസൗകര്യങ്ങളുടെ പുനഃസ്ഥാപനത്തിനായി പ്രവർത്തികൾ പുതുതായി കണ്ടെത്തി നടത്തണം.  ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തു പുനസ്ഥാപിക്കൽ, കലുങ്കുകൾ പുനസ്ഥാപിക്കൽ, പൊതു ആസ്തികളുടെ പുനസ്ഥാപനം, പൊതു കിണറുകളുടെ പുനരുദ്ധാരണം, പൊതു കുളങ്ങളുടെ പുനർനിർമാണം,ജലസേചന കനാലുകളുടെ പുനർനിർമ്മാണം, അറ്റകുറ്റപ്പണികൾ, പൊതു ശൗചാലയങ്ങളുടെ നിർമ്മാണം, വെള്ളപ്പൊക്കം മൂലം ഉപയോഗശൂന്യമായ സ്‌കൂൾ കക്കൂസുകളുടെ പുനസ്ഥാപനം, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുനസ്ഥാപനം, കേന്ദ്ര-സംസ്ഥാന സഹായത്താൽ നിർമ്മിച്ച വീടുകളുടെ പുനർനിർമ്മാണവും അറ്റകുറ്റപ്പണികളും, കോണ്ടൂർ ബണ്ടുകളുടെയും കൈയാലകളുടെയും പുനഃസ്ഥാപനം, തടയണകളുടെ നിർമ്മാണവും പുനഃസ്ഥാപനവും തുടങ്ങി വിവിധ പദ്ധതികൾ തൊഴിലുറപ്പ് വഴി ഏറ്റെടുത്തു നടപ്പാക്കാം. 

 

 പ്രളയാനന്തര പുനർനിർമാണത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ പരമാവധി പങ്കാളികളാക്കാനും അവർക്ക് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനസർക്കാർ 150 തൊഴിൽ ദിനങ്ങൾ ആക്കി വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 11 കോടി തൊഴിൽ ദിനങ്ങളാണ് സർക്കാർ ഇക്കാര്യത്തിൽ കൂടുതലാണി ആവശ്യപ്പെടുന്നത്.  പുതിയ പ്രവർത്തികൾ ഏറ്റെടുത്തു ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് തല അംഗീകാരം കഴിഞ്ഞദിവസം നടന്ന യോഗത്തിൽ നൽകി. ഈ വർഷം സെപ്റ്റംബർ 15 വരെ 1, 1 4, 3 4 0 കുടുംബങ്ങൾക്ക് തൊഴിലുറപ്പു പദ്ധതി വഴി തൊഴിൽ നൽകി. ഇതുവഴി കൂലിയായി 7 4 8 6 ലക്ഷം രൂപ നൽകി. ജില്ലയിൽ ഇതുവരെ 90 കുടുംബങ്ങൾക്ക് നൂറ് ദിവസത്തിലധികം തൊഴിൽ ലഭിച്ചു. 3 4 3 2 പ്രവൃത്തികൾ പൂർത്തീകരിച്ചു. 2 6, 8 6 7 9 8 തൊഴിൽ ദിനങ്ങളാണ് ഇതുവരെ സൃഷ്ടിക്കപ്പെട്ടത്. ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് പട്ടണക്കാട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളാണ.് തൈക്കാട്ടുശ്ശേരി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തുകളാണ് തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതിൽ പിന്നിൽ. 2018-19 ലേബർ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ 17 ഗ്രാമപഞ്ചായത്തുകൾ ഒഴികെ എല്ലാ ഗ്രാമപഞ്ചായത്തുകളും 100 ശതമാനത്തിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

 

 വയലാർ, ആറാട്ടുപുഴ, തുറവൂർ ഗ്രാമപഞ്ചായത്തുകളാണ് ഇതിൽ മുന്നിൽ. നീലംപേരൂർ, മുട്ടാർ, പെരുമ്പളം, വീയപുരം, കൃഷ്ണപുരം, അരൂക്കുറ്റി, പാണ്ടനാട,് കൈനകരി, മാന്നാർ, ചേന്നം പള്ളിപ്പുറം, നെടുമുടി, ചുനക്കര, തലവടി,പാണാവള്ളി,പുന്നപ്ര നോർത്ത്,തി രുവൻവണ്ടൂർ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് 100 ശതമാനത്തിൽ താഴെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനേ സാധിച്ചുള്ളൂ. 18-19 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും മുതുകുളം ബ്ലോക്ക് പഞ്ചായത്തുമാണ.് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവ പണം ചെലവഴിച്ച കാര്യത്തിൽ പിന്നിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾ ആറാട്ടുപുഴയും തൃക്കുന്നപുഴയും പുറക്കാടുമാണ്. പാണ്ടനാട്, തിരുവൻവണ്ടൂർ, ആല എന്നീ ഗ്രാമപഞ്ചായത്തുകൾ തുക ചെലവഴിച്ച കാര്യത്തിൽ പിന്നിലാണ്.  അമ്പലപ്പുഴ ബ്ലോക്കിൽ 25 കുടുംബങ്ങൾക്ക് നൂറിലധികം തൊഴിൽദിനങ്ങൾ ലഭിച്ചപ്പോൾ ചമ്പക്കുളം വെളിയനാട് ബ്ലോക്കുകളിൽ ഒരു കുടുംബത്തിന് പോലും 100 തൊഴിൽ ദിനങ്ങൾ തികയ്ക്കാൻ ആയില്ല. പ്രളയവും കംപ്യൂട്ടിറിന്റെ പ്രശ്‌നങ്ങളും കാരണം പദ്ധതികൾ മുന്നോട്ടു പോകുന്നതിൽ ചില തടസ്സങ്ങൾ നേരിട്ടതായി  ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനുള്ള  നടപടികളുമായി വേഗത്തിൽ മുന്നോട്ടുപോകാൻ ദിശ യോഗം നിർദ്ദേശം നൽകി. 47 ഗ്രാമപഞ്ചായത്തുകളിൽ ഇതുവരെയും ഒരു കുടുംബത്തിനു പോലും 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചിട്ടില്ല എന്ന് യോഗം വിലയിരുത്തി. ദിശ  യോഗത്തിൽ കേന്ദ്രാവിഷ്‌കൃത  മറ്റ്  പദ്ധതികളുടെ അവലോകനവും നടന്നു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിപ്രകാരം 504 വീടുകളുടെ പണി പൂർത്തിയാക്കിയതായി യോഗത്തെ ഉദ്യോഗസ്ഥർ അറിയിച്ചു. 

 

എംപിമാരായ എ.കെ. ആൻറണി, വയലാർ രവി, കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ എന്നിവരുടെ നിർദ്ദേശപ്രകാരം തൈക്കാട്ടുശ്ശേരി, കടക്കരപ്പള്ളി, തകഴി, ആര്യാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട ഡി. ഡി. ആു. ജി. ജെ. വൈ പദ്ധതിയിൽ നേരത്തെ തീരുമാനിച്ചിരുന്ന പ്രവർത്തികൾക്ക് പകരമായി തത്തുല്യമായ തുകയിൽ മാറ്റം വരുത്തിയ ഡി.പി.ആറിന്  യോഗം അനുമതി നൽകി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.വിനോദിനി,  ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ.വി.ദേവദാസ്, ഡെപ്യൂട്ടി കളക്ടർ മുരളീധരൻപിള്ള ജില്ലയിലെ എം.പി.മാരുടെ പ്രതിനിധികൾ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

സൗജന്യ പരീക്ഷാ പരിശീലനം

 

ആലപ്പുഴ: ആലുവ ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പട്ടികജാതി-വർഗ വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാപരിശീലനം നൽകുന്നു. ഹൈക്കോർട്ട് അസിസ്റ്റന്റ് ക്ലറിക്കൽ അറ്റൻഡർ  (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്) ദേവസ്വം ബോർഡ് ക്ലർക്ക് എന്നിവയ്ക്കാണ് പരിശീലനം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായക്കാർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ നാനൂറു രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. വിദ്യാർത്ഥികൾ ഫോട്ടോ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ,ഓൺലൈൻ അപേക്ഷയുടെ പകർപ്പ്  എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഒക്‌ടോബർ 10ന് മുമ്പായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരത്തിന്  ഫോൺ: 0484 2623304.

 

 

ലോക ഹൃദയ ദിനാചരണവും കൂട്ട ഓട്ടവും ഇന്ന് 

 

ആലപ്പുഴ: ലയൺസ് ക്‌ളബിന്റെ മൂന്ന് ജില്ലകളുടെ ഏകോപനമായ ലയൺസ് ക്‌ളബ് 318: ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 29) രാവിലെ 7 മണിക്ക് ആലപ്പുഴ ബീച്ചിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിർവ്വഹിക്കും ഹൃദയദിന സന്ദേശം ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊ ഫ: ഡോ.ബി.പത്മകുമാർ നൽകും. കെ.സി.വേണുഗോപാൽ-എം.പി മുഖ്യാ അതിഥിയായിരിക്കും .മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്.ജില്ലാ കലക്ടർ .എസ് സുഹാസ് ,ജില്ലാ പോലീസ് മേധാവി.എസ്.സുരേന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദയ ആരോഗ്യ വിഭാഗം മേധാവി.ഡോ.കെ.എസ് മോഹൻ, സഹകരണ ആശുപത്രിയിലെ കാർഡിയോ തൊറാസിക്ക് സർജൻ ഡോ.എ.അരുൺ. ലയൺസ് ക്‌ളബ് ഗവർണ്ണർ എന്നിവർ പങ്കെടുക്കും. ഹൃദയാരോഗ്യം യോഗാ യിലൂടെ എങ്ങനെ വീണ്ടെടുക്കാം എന്ന വിഷയത്തിൽ ശിവാനന്ദ ഇന്റർനാഷണൽ സ്‌കൂൽ ഓഫ് യോഗയുടെ നേതൃത്വത്തിൽ യോഗാ പരിശീലനം നൽകും. പള്ളാതുരുത്തിയിൽ നിന്നും ഹാർട്ട് റൺ എന്ന പേരിൽ ബീച്ചിലേക്ക് കൂട്ട ഓട്ടവും ബൈക്കൽ റാലിയും സംഘടിപ്പിക്കും. ബീച്ചിൽ എത്തുന്നവരുടെ ഹൃദയതുടിപ്പുകൾ പരിശോധിക്കാൻ സംവിധാനം ഒരുക്കിയട്ടുണ്ട.് 

 

ക്ഷീര കർഷകർക്ക് പശുവിനെ നൽകാൻ തയ്യാറായി മാവേലിക്കര ബ്ലോക്ക്

· പ്രളയത്തെ അതിജീവിക്കാൻ നൂതന ആശയം

 

 

ആലപ്പുഴ: പ്രളയം തകർത്തതെല്ലാം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ക്ഷീരമേഖല പ്രളയത്തിൽ തകർന്നുപോയിരുന്നു. കറവ പശുക്കളെ നഷ്ടപ്പെട്ടതോടെ ആകെയുണ്ടായിരുന്ന വരുമാനമാർഗം നിലച്ച വിഷമത്തിലാണ് ഇവിടുത്തെ ക്ഷീര കർഷകർ. അവർക്കാശ്വാസമാകുന്ന പദ്ധതിയാണ് ബ്ലോക്കിൽ അവതരിപ്പിക്കുന്നത്.പശുക്കളെ നഷ്ടപ്പെട്ട കർഷകർക്ക് പുതിയ പശുക്കളെ നൽകുന്ന പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനുള്ള കണക്കെടുപ്പ് പൂർത്തിയായി. 

സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, ക്ഷീരവകുപ്പും ക്ഷീരകർഷകരെ സംരക്ഷിക്കാൻ വിവിധ പദ്ധതികളുമായി രംഗത്തു വന്ന സാഹചര്യത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും ഇതിന് മുൻകൈയെടുക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ് പറഞ്ഞു. പകരം പശു പദ്ധതിയാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.

അന്യസംസ്ഥാനത്തു നിന്നും പശുക്കളെയും, കിടാവുകളെയും എത്തിച്ചു കൊടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി 9 .80 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തിയിട്ടുണ്ട്.കർഷകർക്ക് സബ്സിഡിയോടുകൂടിയായിരിക്കും പശുക്കളെ നൽകുന്നത്. 

 

എന്നാൽ  യഥാർഥ ഉപഭോക്താക്കളെ കണ്ടെത്താനും  പഞ്ചായത്ത് പുതിയ മാർഗം അവലംബിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരസംഘങ്ങൾ, മൃഗാശുപത്രികൾ എന്നിവിടങ്ങളിൽ പശുക്കളെ നഷ്ടപെട്ട കർഷകർ രജിസ്റ്റർ ചെയ്യാനാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നത്.ഇത് മാനദണ്ഡമാക്കി  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പശുക്കളെ നഷ്ടപ്പെട്ട കർഷകരുടെ എണ്ണം കണ്ടെത്തിയത്. 

 

പെട്ടിയും പറയും വിതരണം ചെയ്തു

 

ആലപ്പുഴ :  മാവേലിക്കര ബ്ലോക്ക്  പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ചെന്നിത്തല പാടശേഖര സമിതികൾക്ക് 15 എച്ച്പി യുടെ മോട്ടോറും പെട്ടിയും പറയും നൽകി. തൃപ്പെരുന്തുറ ഒന്നാം ബ്ലോക്ക് പാടശേഖര സമിതിക്ക് നൽകിയ പെട്ടിയും പറയുടെയും വിതരണേദ്ഘാടനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് നിർവഹിച്ചു. തേവർകടവിൽ നടന്ന പരിപാടിയിൽ സമിതി പ്രസിഡന്റ് അജിത് കുമാർ കൂട്ടുങ്കൽ അധ്യക്ഷനായി. അസി. കൃഷി ഡയറക്ടർ ശ്രീരേഖ പദ്ധതി വിശദീകരിച്ചു.ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ,  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജിനുജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ   ടി.എ സുധാകരക്കുറുപ്പ്, അഭിലാഷ് തൂമ്പിനാനത്ത്, ഉമാ താരാനാഥ്, കെ ഓമനക്കുട്ടൻ,  ഡി.ഫിലേന്ദ്രൻ, എം.എൻ വിജയകുമാർ എന്നിവർ സംസാരിച്ചു.

  

ഒരു മാസത്തെ ശമ്പളം നൽകും

 

ആലപ്പുഴ: സംസ്ഥാനത്ത്  അപ്രതീക്ഷിതമായി ഉണ്ടായ പ്രളയകെടുതി വരുത്തി വച്ചിട്ടുള്ള നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആലപ്പുഴ ജില്ല ഓഫീസിലെ എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുന്നതിന് സമ്മതമാണെന്ന് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

 

 

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ഇഞ്ചക്ഷൻഅഡ്രിനാലിൻ ബിറ്റാർട്രേയറ്റ് ഐ.പി, ഒരു എം.ജി/മില്ലി- 4000 എണ്ണം,ലുലികൺസോൾ ക്രീം 10 ഗ്രാം-500 എണ്ണം എന്നിവ  വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ ഒക്‌ടോബർ ഒമ്പതിന് വൈകിട്ട് മൂന്നിനകം  സൂപ്രണ്ട് ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-അഞ്ച് എന്ന വിലാസത്തിൽ ലഭിക്കണം. 

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ബീറ്റാ മെത്താസോൺ ഡയപ്രോപിണോയെറ്റ്  ക്രീം ഐ.പി 10 ഗ്രാം ട്യൂബ്-5000 എണ്ണം എന്നിവ  വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ ഒക്‌ടോബർ എട്ടിന് വൈകിട്ട് മൂന്നിനകം  സൂപ്രണ്ട് ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-അഞ്ച് എന്ന വിലാസത്തിൽ ലഭിക്കണം. 

 

 

 

 

 

 

 

date