ഇലക്ട്രിക് വാഹന നിയന്ത്രണത്തിനുള്ള പൾസ് കോഡ് മോഡുലേഷൻ സ്‌കീമിന് CET പേറ്റന്റ് നേടി
വൈദ്യുത വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മോഡുലേഷൻ സ്‌കീമിന്റെ കണ്ടുപിടുത്തത്തിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിന് (സി ഇ റ്റി) പേറ്റന്റ് ലഭിച്ചു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സാധാരണ രീതിയിലുള്ള പൾസ് വിഡ്ത്ത് മോഡുലേഷനുകളിൽ നിന്നു ഭിന്നമായി മികച്ച കാര്യക്ഷമതയും ഉപകരണങ്ങളുടെ പരിമിതമായ ഉപയോഗവും ഉറപ്പാക്കുന്നു എന്നതാണ് പേറ്റന്റ് ലഭിക്കുന്നതിന് ആധാരമായ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. മോട്ടോർ വാഹനങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിനും പരമാവധി കാര്യക്ഷമതയ്ക്കും ബാറ്ററിയുടെ ആയുർദൈർഘ്യത്തിനും ഡ്രൈവിങ്ങിനെയും ഇതു സഹായിക്കുന്നു.
ഈ കണ്ടുപിടുത്തം ഡിജിറ്റൽ സിഗ്‌നൽ പ്രോസസ്സിംഗ് ടെക്നിക്കുകൾ, സിഗ്മ ഡെൽറ്റ മോഡുലേഷൻ (എസ്ഡിഎം), വെക്റ്റർ ക്വാണ്ടൈസേഷൻ എന്നിവ ഉപയോഗിച്ച് സ്‌പേസ് വെക്റ്റർ മോഡുലേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഡിജിറ്റൽ സിഗ്‌നൽ പ്രോസസർ (ഡി.എസ്.പി)/ ഫീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറേ (എഫ്.പി.ജി.എ) ഉപയോഗിച്ചുള്ള ഡിജിറ്റൽ നിർവ്വഹണത്തിന് കൂടുതൽ അനുയോജ്യമാക്കുന്ന, ഓവർസാംപ്ലിംഗും ക്വാണ്ടൈസേഷൻ പ്രക്രിയകളും കാരണം കണ്ടുപിടിത്തം സമയത്തിലും വ്യാപ്തിയിലും വ്യതിരിക്തമാണ്.
സി.ഇ.റ്റിയിലെ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോ. ബിജി ജേക്കബും ഗവേഷണ വിദ്യാർഥിയുമായ ജീഷ്മ മേരി പോളും സംയുക്തമായി നടത്തിയ ഗവേഷണമാണ് പേറ്റന്റിന് അർഹമാക്കിയത്.
പി.എൻ.എക്സ്. 2803/2024
- Log in to post comments