പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം ഗാന്ധിജയന്തി വാരാചരണത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കം
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിവിധ പരിപാടികളോടെ ഗാന്ധിജയന്തി വാരാചരണം ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ഏകോപനത്തില്‍ ഹരിതകേരളം മിഷന്, കുടുംബശ്രി, ശുചിത്വമിഷന് എന്നിവയുടെയും വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് രാവിലെ ഒന്‍പതു മണിക്ക് സിവില്‍ സ്റ്റേഷന് വളപ്പില്‍ നടക്കുന്ന ശുചീകരണയജ്ഞം ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഗാന്ധിജയന്തി വാരാചരണ പരിപാടികള്‍ക്ക് ഇതോടെ ഔദ്യോഗിക തുടക്കമാകും. താലൂക്ക് ആസ്ഥാനങ്ങളിലും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും ശുചീകരണയജ്ഞം നടക്കും. പ്രളയബാധിത മേഖലകളില്‍ തീവ്രശുചീകരണ പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്. പ്രളയാനന്തര നിര്‍മാണപ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും പങ്കാളികളാകുന്നതിന് അയ്യായിരം പേരടങ്ങുന്ന കര്‍മസേനയ്ക്കും ജില്ലാതലത്തില്‍ രൂപം നല്‍കും.
നവകേരള നിര്‍മ്മാണത്തിനായുള്ള ആശയാവതരണവും കാര്‍ഷിക സെമിനാറുകളും വാരാചരണത്തിന്റെ ഭാഗമായി നടക്കും. ശുചീകരണം, പുഴ നടത്തം, ഗാന്ധിയുടെ രേഖാചിത്രരചനാ മത്സരം, സാഹിത്യ മത്സരങ്ങള്‍, പ്രശ്നോത്തരി, മെഡിക്കല്‍ ക്യാംപ്, ദുരന്ത നിവാരണ സെമിനാര്‍, നദീതീര സംരക്ഷണ സെമിനാര്‍, പ്രളയം ബാധിച്ച ഗ്രന്ഥശാലകള്‍ക്കായി പുസ്തക ശേഖരണം, പ്രളയാനന്തര ജൈവകൃഷി സെമിനാര്‍ തുടങ്ങിയവയാണ് മറ്റ് പരിപാടികള്‍.
പ്രളയാനന്തര ജൈവ കൃഷിയെക്കുറിച്ച് കര്‍ഷക സെമിനാര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് പാറക്കടവ് എസ്.എന്‍.ഡി.പി ഹാളില്‍ നടക്കും. പ്രൊഫ. സി. രമാകാന്തന് വിഷയം അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് ഗാന്ധി അനുസ്മരണം തിരുവാങ്കുളം മുനിസിപ്പല്‍ സോണല്‍ ഓഫീസില്‍ കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പുസ്തക സമാഹരണം ആലുവ അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയില്‍ നടക്കും. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ മാറുന്ന കാലാവസ്ഥ മാറേണ്ട വികസന സങ്കല്‍പ്പം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
ഗാന്ധിജയന്തി വാരാചരണത്തിനു മുന്നോടിയായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഗാന്ധി സ്മൃതി ക്യാംപ് നടക്കും. ക്യാംപിന്റെ സംസ്ഥാന തല ഉദ്ഘാടനം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇന്ന് (സെപ്തംബര്‍ 30) വൈകിട്ട് 4.30ന് നിര്‍വഹിക്കും. ഗാന്ധി സ്മൃതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ നാളെ (ഒക്ടോബര്‍ 01) രാവിലെ 11.30ന് നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ടിന് രാവിലെ വൈക്കം ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് തേവര കോളേജില്‍ നിന്നും സൈക്കിള്‍ റാലി. കേന്ദ്ര സര്‍ക്കാരിന്റെ സ്വഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി രാവിലെ 7.30ന് റിച്ചാര്‍ഡ് ഹേ എം.പിയുടെ പ്രഭാഷണം. കോളേജ് വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത്, ചിത്രരചന, പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈന്‍, ചലച്ചിത്ര നിരൂപണം, മോണോ ആക്ട്, കാര്‍ട്ടൂണ്‍, ഉപന്യാസ രചന, പ്രസംഗം, ഡിബേറ്റ്, പ്രശ്നോത്തരി, ദേശഭക്തിഗാനം, ഗാന്ധി സ്പീക്ക്, മൈം, ഫോട്ടോഗ്രാഫി, ഹ്രസ്വ ചിത്രം, എക്സ്പ്രസിംഗ് ഗാന്ധി, ഗാന്ധി വാക്ക്, തെരുവു നാടകം, സ്കിറ്റ് മത്സരങ്ങളും നടക്കും. ദിവസവും ഗാന്ധി ചലച്ചിത്രമേളയും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 8848662623 എന്ന നമ്പറില്‍ ലഭിക്കും.
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പുഴനടത്തം, പ്രകൃതിപഠനയാത്ര, സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ ആലുവ അശോകപുരം വിദ്യാവിനോദിനി ലൈബ്രറി കേന്ദ്രീകരിച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947264234 എന്ന നമ്പറില്‍ ബന്ധപ്പെടുക.
തൃപ്പൂണിത്തുറ മുനിസിപ്പല്‍ തുടര്‍വിദ്യാകേന്ദ്രം, റോട്ടറി കമ്മ്യൂണിറ്റി കോര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. ഹിന്ദി ഗാനാലാപനം, കയ്യെഴുത്ത്, ഗാന്ധിജിയുടെ രേഖാചിത്രരചന, പ്രസംഗം, ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ 9847288361 എന്ന നമ്പറില്‍ ലഭിക്കും.
- Log in to post comments