Skip to main content

കരിപ്പൂര് -ഉഴപ്പാക്കോണം-ഐഎസ്ആർഒ ഗേറ്റ്‌റോഡ് നിർമാണത്തിന് തുടക്കമായി

**ശിലാസ്ഥാപനം മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു

നാടിന്റെ പൊതുവായ വികസന കാര്യങ്ങളെ ഒരു പ്രതിസന്ധിയും ബാധിക്കില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ കരിപ്പൂര്-ഇടമല-കാഞ്ഞിരംകോട്-അരുവിക്കുഴി-ഉഴപ്പാക്കോണം-ഐഎസ്ആർഒ ഗേറ്റ് റോഡിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം ഉൾപ്പെടെ നെടുമങ്ങാട് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്.  ജനങ്ങളുടെ സേവകരായി മാറാനും, പൊതുസമൂഹത്തിന്റെ താത്പര്യങ്ങൾക്ക് പ്രധാന്യം നൽകുന്ന നിലപാടുകളുമായിരിക്കും  സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇരുമരം ജംങ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. സംസ്ഥാനസർക്കാരിന്റെ 2023-24 ബഡ്ജറ്റിലുൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് കരിപ്പൂര്-അരുവിക്കുഴി-ഉഴപ്പാക്കോണം-ഐഎസ്‌ഐർഒ ഗേറ്റ് റോഡ് നിർമിക്കുന്നത്.

അരുവിക്കുഴി അങ്കണവാടിയുടെ പുതിയ മന്ദിരം നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപയാണ് അങ്കണവാടി കെട്ടിടത്തിന്റെ നിർമാണത്തിനായി വിനിയോഗിച്ചത്.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.

നഗരസഭാ വൈസ് ചെയർപേഴ്‌സൺ എസ്.രവീന്ദ്രൻ, റോഡും അങ്കണവാടിയും ഉൾപ്പെടുന്ന തറട്ട വാർഡിലെ കൗൺസിലർ പി.ഹരികേശൻ നായർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date