Skip to main content

സാക്ഷരതയുടെ അര്‍ത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്കുണ്ടാവണം: മന്ത്രി വി. ശിവൻകുട്ടി

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം - ഉല്ലാസ് മേള മന്ത്രി ഉദ്ഘാടനം ചെയ്തു

സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്ക് ഉണ്ടായാൽ മാത്രമേ കേരളസമൂഹത്തെ മുന്നിലേക്ക് നയിക്കാനാകൂ എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സാക്ഷരതാ മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിസ്റ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സമൂഹത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി തുല്യനീതി ഉറപ്പാക്കുക, എന്ന ലക്ഷ്യത്തോടെ പഠനാവസരം നഷ്ടമായവരെയും പാതിവഴിയില്‍ പഠനം മുടങ്ങിയവരെയും അനൗപചാരിക പഠനപ്രക്രിയയുടെ ഭാഗമാക്കുക എന്ന സര്‍ക്കാര്‍ നയം സാര്‍ഥകമാക്കുന്നതിനുള്ള സജീവപ്രവര്‍ത്തനങ്ങളിലാണ് സാക്ഷരതാമിഷനെന്നും മന്ത്രി പറഞ്ഞു.
    
അരലക്ഷത്തിലധികം പേരാണ് പദ്ധതിയിലൂടെ സാക്ഷരരായത്. പദ്ധതിയുടെ വളന്ററി ടീച്ചര്‍മാരായി പ്രവര്‍ത്തിച്ചവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. പഠിതാക്കളെ സാക്ഷരരാക്കാന്‍ പ്രയത്‌നിച്ച അധ്യാപകര്‍ ഒരു രൂപപോലും ഓണറേറിയം കൈപ്പറ്റിയിട്ടില്ലെന്നതും  അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗവൺമെൻറ് ഓഫ് ഇന്ത്യ അടൽ എജുക്കേഷൻ പ്രതിനിധി ഗഗൻകുമാർ കമ്മത്ത് ഉല്ലാസ് പദ്ധതി വിശദീകരിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികൾ പങ്കെടുത്തു.

ഇന്നും നാളെയുമായി (ജൂലൈ 14, 15) നടക്കുന്ന മേളയിൽ ആദ്യ ദിനമായ ഇന്ന് തുടർ വിദ്യാഭ്യാസം-തുല്യത- വൈജ്ഞാനിക സമൂഹം, നവ കേരളത്തിന് പൊതുസാക്ഷരത, ഭരണഘടന സാക്ഷരത - പാഠവും പൊരുളും, മാലിന്യമുക്ത കേരളം ബോധനപഠനങ്ങൾ, ഡിജിറ്റൽ ലിറ്ററസി, സാക്ഷരത - ഇന്നലെ ഇന്ന് നാളെ, ഫിനാൻഷ്യൽ ലിറ്ററസി എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. മേളയുടെ രണ്ടാം ദിനമായ നാളെ (ജൂലൈ 15) രാവിലെ പത്തിന് നടക്കുന്ന അനുമോദന സമ്മേളനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

date