Skip to main content

*കാലവർഷം: വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണം*   *ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു* 

 

 

ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലയുടെ ചാർജ്ജുള്ള വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കളക്ടർ നിർദേശിച്ചു. താലൂക്ക് തലത്തിൽ മഴക്കാല പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും കൂടുതൽ ക്യാമ്പുകൾ ക്രമീകരിക്കേണ്ടി വന്നാൽ ആവശ്യമായ ഒരുക്കങ്ങൾ സജ്ജികരിച്ചിട്ടുണ്ടെന്നും യോഗത്തിൽ തഹസിൽദാർമാർ അറിയിച്ചു. നൂൽപ്പുഴ, ചീരാൽ വില്ലേജുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബന്ധു വീടുകളിൽ പോയവർ ഉൾപ്പെടെ 96 പേരെ ഇതുവരെ മാറ്റി പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. മരം വീണ് 12 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കോളനികളുൾപ്പെടെ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് തദ്ദേശസ്വയം ഭരണ ജോയിന്റ് ഡയറക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ ലയങ്ങളിൽ പരിശോധന നടത്തി അറ്റകുറ്റപ്പണി ആവശ്യമായ ലയങ്ങളിൽ നടപടി സ്വീകരിച്ചതായി പ്ലാന്റേഷൻ മാനേജർ യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി നടന്ന യോഗത്തിൽ എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി ടി നാരായണൻ, തഹസിദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

date