Skip to main content

നോളേജ് ഇക്കോണമി മിഷന്‍; നഗരസഭാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 27 വരെ പ്ലാന്‍ റിവിഷന്‍ നടത്താനവസരം

കേരള നോളേജ് ഇക്കോണമി മിഷന്റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നോര്‍ത്ത് സോണിലെ നഗരസഭാ സെക്രട്ടറി, പ്ലാന്‍ ക്ലര്‍ക്ക്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവരുടെ യോഗം കോഴിക്കോട് പുതിയറ സ്പാന്‍ ഹോട്ടലില്‍ ചേര്‍ന്നു.  2024-25 വര്‍ഷത്തില്‍ നഗരസഭകളുടെ വാര്‍ഷിക പദ്ധതിയില്‍ കേരള നോളേജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മുനിസിപ്പാലിറ്റികളടങ്ങുന്നതാണ് നോര്‍ത്ത് സോണ്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ റിവിഷനിലൂടെ നിലവിലെ പദ്ധതികള്‍ പുതുക്കുന്നതിനായി ജൂലൈ 27  വരെ അവസരമുണ്ട്. നോളേജ് ഇക്കോണമി മിഷന്റെ പദ്ധതികള്‍ പുതുതായി ചേര്‍ക്കാനും പഴയ പദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്തി പുതുക്കാനും ഇതുവഴി സാധിക്കും.
പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാലി വളളിക്കാട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത, നോളേജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോഗ്രാം മാനേജര്‍മാരായ വി.എസ് ഹരികൃഷ്ണന്‍, പി.കെ പ്രിജിത് തുടങ്ങിയവര്‍ ക്ലാസെടുത്തു. നോളേജ് ഇക്കോണമി മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (പി.എം.യു) സാബു ബാല സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ എം.പി റഫ്‌സീന നന്ദിയും പറഞ്ഞു. യോഗത്തില്‍ 48 മുനിസിപ്പാലിറ്റികളില്‍ നിന്നായി 118 പേര്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നോളേജ് മിഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള വിജ്ഞാന തൊഴില്‍ ലഭ്യമാക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് പദ്ധതികളിലൂടെ നോളേജ് ഇക്കോണമി മിഷന്‍ ചെയ്യുന്നത്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരാണ് പദ്ധതികളുടെ ഗുണഭോക്താക്കള്‍.

date