Skip to main content

നാടുകാണി ചുരം മാലിന്യമുക്തമാക്കാന്‍ നടപടി; വഴിക്കടവില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് തുടങ്ങി

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ വഴിക്കടവ് പഞ്ചായത്തിലെ ആനമറിയില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് സ്ഥാപിച്ചു. നാടുകാണി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയുകയാണ് ലക്ഷ്യം. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് മുന്‍കയ്യെടുത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ചെക് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷയായി.

നാടുകാണി ചുരത്തില്‍ അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാനും വഴിക്കടവ്, നിലമ്പൂരിലെ വടപുറം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ രണ്ടു മാസം മുമ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് ആദ്യ പ്ലാസ്റ്റിക് ചെക് പോസ്റ്റ് വഴിക്കടവിലെ ആനമറിയില്‍ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ ഹരിത കര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിമുക്ത ബോധവത്ക്കരണമാണ് ഇവിടെ നടത്തുക. വാഹന യാത്രികരെയും വിനോദസഞ്ചാരികളെയും സമീപിച്ച് ചുരത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടു പോകുന്നതിനെതിരെ ബോധവത്ക്കരണം നടത്തും. ആവശ്യമെങ്കില്‍ ബദല്‍ ഉല്പന്നങ്ങള്‍ വില ഈടാക്കി നല്‍കും.

രണ്ടാംഘട്ടത്തില്‍ ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കുകയും നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
ചുരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, ശുചീകരണ തൊഴിലാളികളെ നിയമിക്കുക, കുടുംബശ്രീയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ കഫ്റ്റീരിയ, ബദല്‍ ഉല്പന്നങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളെടുത്ത ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

ഉദ്ഘാടന ചടങ്ങില്‍ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജു പി.ബി., ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജലജകുമാരി വി., രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date