Skip to main content

എച്ചവൺ എൻവൺ: ജാഗ്രത  വേണം

 

ആപ്പുഴ: ഇൻഫ്ലുവൻസ വൈറസ് കാരണമുണ്ടാകുന്ന എച്ചവൺ എൻവണിനെതിരെ ജാഗ്രത നിർദേശവുമായി ജില്ല ആരോഗ്യ വിഭാഗം. പനി, തുമ്മൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. 
രോഗബാധയുള്ളവർ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുന്നതിലൂടെയും മറ്റുള്ളവരുമായി അടുത്തിടപെടുന്നതിലൂടെയും രോഗിയുടെ സ്രവങ്ങൾ പുരളാനിടയുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.
രോഗലക്ഷണങ്ങൾ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം 
എച്ചവൺ എൻവൺ പനിക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ   പരിശോധനയും ചികിത്സയും ലഭ്യമാണ്.
രോഗപ്പകർച്ച ഒഴിവാക്കാൻ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക. 

രോഗബാധിതർ ശ്രദ്ധിക്കുക
രോഗമുള്ളപ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. പനിയുള്ളപ്പോൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. പൊതുസ്ഥലങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പനിയുള്ളപ്പോൾ കുഞ്ഞുങ്ങളെ സ്കൂൾ/അങ്കണവാടികൾ/ ക്രഷ് എന്നിവിടങ്ങളിൽ വിടാതിരിക്കുക .
രോഗമുള്ളവർ നന്നായി വിശ്രമിക്കുക.
കഞ്ഞിവെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയ പാനീയങ്ങൾ ധാരാളം കുടിക്കുക, പോഷകപ്രദമായ ഭക്ഷണം കഴിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക. പൊതു ഇടങ്ങളിൽ തുപ്പരുത്. മൂക്കു ചീറ്റിയ ശേഷം ഉടനെ കൈകൾ സോപ്പിട്ട് കഴുകുക. 
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് മാറ്റരുത്. 

 പ്രതിരോധം ഉറപ്പാക്കുക
വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ഉറപ്പാക്കുക.
പൊതു ഇടങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും മാസ്ക് ധരിക്കുക.
കൈ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്.
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുക.
രോഗം ഇല്ലാത്തവരും ആശുപത്രി സന്ദർശന വേളകളിൽ മാസ്ക് ധരിക്കുക. രോഗി സന്ദർശനത്തിനും മറ്റും ആശുപത്രികളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക.
സമ്പർക്കം മൂലം രോഗസാധ്യത ഉള്ളവരും മറ്റു ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്ന രോഗസാധ്യത കൂടിയവരും മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം പ്രതിരോധമരുന്ന് കഴിക്കേണ്ടതാണ്. ഗർഭിണികളിലെ രോഗബാധ രോഗം ഗുരുതരമാകാനും മരണകരണമാകാനും സാധ്യതയുണ്ട്. ഗർഭിണികൾ ജലദോഷം പോലെയുള്ള  രോഗലക്ഷണങ്ങൾ ഉണ്ടായാലും എത്രയും പെട്ടെന്ന് ചികിത്സ തേടുക.
ഹൃദ്രോഗം, ശ്വാസകോശ, കരൾ, കിഡ്നി രോഗങ്ങൾ, നാഡീ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർ, രക്താതിമർദ്ദം, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവർ, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകൾ (ഇമ്യൂണോ സപ്പ്രസൻ്റുകൾ) കഴിക്കുന്നവർ കുഞ്ഞുങ്ങൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക.

date