Skip to main content

ലെവൽ ക്രോസ് അറ്റകുറ്റപ്പണി: സമാന്തര ഗതാഗത സംവിധാനം ഏർപ്പെടുത്തി

 

ആലപ്പുഴ: കായംകുളം-ചെട്ടികുളങ്ങര റോഡിലെ കാക്കനാട് റെയിൽവേ ലെവൽ ക്രോസ്( എൽ.സി.നമ്പർ149)അറ്റകുറ്റപ്പണികൾക്കായി ജൂലൈ 17 രാവിലെ എട്ടുമണി മുതൽ ജൂലൈ 21 അടച്ചിടുന്നു. ഇതുമായി ബന്ധപ്പെട്ട് സമാന്തര ഗതാഗത സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് ചെങ്ങന്നൂർ ആർ.ഡി.ഓ ജി.നിർമൽ കുമാറിൻരെ സാന്നിധ്യത്തിൽ യോഗം ചേർന്നു. താഴെ പറയുന്ന ക്രമീകരണം വരുത്താൻ തീരുമാനിച്ചു.
 
മാവേലിക്കര- ചെട്ടികുളങ്ങര വഴി കായംകുളത്തിന് പോകേണ്ട വാഹനങ്ങൾ ഭഗവതിപ്പടി ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് പത്തിയൂർ ആൽത്തറ ജംഗ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് കുറ്റികുളങ്ങര വഴി കാക്കനാട് ചന്ത ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് കായംകുളത്തിന് പോകേണ്ടതാണ്.

കായംകുളത്ത് നിന്നും ചെട്ടികുളങ്ങര വഴി മാവേലിക്കരക്ക് പോകേണ്ട ബസ്സും ചെറിയ വാഹനങ്ങളും കാക്കനാട് ചന്ത ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് എരുവ അമ്പലത്തിന്റെ മുൻ വശത്തൂടെ ചെറിയ പത്തിയൂർ അമ്പലത്തിന്റെ തെക്ക് വശത്ത് കൂടി ഭഗവതിപ്പടി ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് പോകുക.
മാവേലിക്കരയിൽ നിന്നും കായംകുളത്തിന് പോകേണ്ട ചരക്ക് വാഹനങ്ങൾ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ നിന്നും തെക്കോട്ട് തിരിഞ്ഞ് കോടതി ജംഗ്ഷൻ- ഓലകെട്ടി വഴി രണ്ടാംകുറ്റിയിൽ എതിച്ചെർന്ന് കായംകുളത്തിന് പോകേണ്ടതാണ്.

കായംകുളത്ത് നിന്നും മാവേലിക്കര വഴി പോകേണ്ട ചരക്ക് വാഹനങ്ങൾ രണ്ടാംകുറ്റിയിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ഓലകെട്ടി- കോടതി ജംഗ്ഷനിൽ നിന്നും മിച്ചൽ ജംഗ്ഷൻ വഴി പോകേണ്ടതാണ്.

മേൽ സൂചിപ്പിച്ച വഴി കൂടാതെ, മാവേലിക്കരയിൽ നിന്നും കായംകുളത്തിന് പോകേണ്ട ചരക്ക് വാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും മാവേലിക്കര കണ്ടിയൂർ ക്ഷേത്ര കവാടത്തിന്റെ എതിർവശത്തുള്ള റോഡിൽ നിന്നും തെക്കോട്ട് തിരിഞ്ഞ് കൊയ്പ്പള്ളികാരാഴ്മ വഴി ഒന്നാംകുറ്റിയിൽ എത്തിച്ചേർന്ന് കായംകുളത്തിന് പോകേണ്ടതാണ്.

ഭാഗവതിപ്പടി ജംഗ്ഷനിൽ പാർക്ക് ചെയ്തിട്ടുള്ള ഓട്ടോറിക്ഷകൾ ടി സ്ഥലത്ത് നിന്നും താൽക്കാലികമായി മാറ്റുന്നതിന് പത്തിയൂർ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തുടർ നടപടി സ്വീകരിക്കണം.
കാക്കനാട് ജംഗ്ഷനിൽ പാർക്ക് ചെയ്തിട്ടുള്ള ഓട്ടോറിക്ഷകൾ ടി സ്ഥലത്ത് നിന്നും താൽക്കാലികമായി മാറ്റുന്നതിന് പത്തിയൂർ, കായംകുളം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തുടർ നടപടി സ്വീകരിക്കേണ്ടതാണ്.
എല്ലാ സ്ഥലത്തും മതിയായ സൈൻബോർഡുകൾ സ്ഥാപിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും, പോലീസും സംയുക്തമായി നടപടി സ്വീകരിക്കേണ്ടതാണെന്ന് ആർ.ഡി.ഓ അറിയിച്ചു.

date