ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നവരാകണം വിദ്യാ൪ഥികൾ: ജില്ലാ കളക്ടർ എ൯.എസ്.കെ. ഉമേഷ്
രോഷ്നി വിദ്യാഭ്യാസ പദ്ധതി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം
ഭാവിയെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കാണുന്നവരാകണം വിദ്യാ൪ഥികളെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. എറണാകുളം ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാ൪ഥികൾക്കുള്ള സ൪ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള രോഷ്നി വിദ്യാഭ്യാസ പദ്ധതിയുടെ പഠന സഹായം ലഭിച്ച വിദ്യാ൪ഥികൾക്കുള്ള സ൪ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.
സ്വപ്നങ്ങൾ യാഥാ൪ഥ്യമാക്കുന്നതിനായി വിദ്യാ൪ഥികൾ കഠിനാധ്വാനം ചെയ്യണമെന്നും ജില്ലാ കളക്ട൪ പറഞ്ഞു. അതിഥി തൊഴിലാളികൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മികച്ച പരിഗണനയാണ് സംസ്ഥാന സ൪ക്കാ൪ നൽകുന്നതെന്നും താനും ഒരു അതിഥി തൊഴിലാളിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ൪ക്കാ൪ രാജ്യത്തുള്ളയെല്ലാവരെയും തുല്യരായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെച്ച 85 കുട്ടികൾക്കായുള്ള സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഇതിൽ 43 കുട്ടികൾക്ക് മലയാളത്തിൽ എ യും എ പ്ലസും ലഭിച്ചു. ആകെ 2105 കുട്ടികളാണ് പദ്ധതിക്ക് കീഴിലുള്ളത്. 40 സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതി എട്ടാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ രോഷ്നി പ്രൊജക്റ്റ് ജനറൽ കോ-ഓഡിനേറ്റർ സി.കെ പ്രകാശ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ രതീഷ് കാളിയാടൻ, പബ്ലിക് റിലേഷൻസ് & സി.എസ്.ആർ, ബി.പി.സി.എൽ, കൊച്ചിൻ റിഫൈനറി വിനീത് എം തോമസ്, പ്രിൻസിപ്പൽ.ഡയറ്റ്.എറണാകുളംദീപ ജി.എസ്, ജില്ലാ ലേബർ ഓഫീസർ എൻഫോസ്മെന്റ് പി.ജി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments