Skip to main content

സ്കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം: ജാഗ്രത പുലർത്തണം

 

ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളിൽ  ഉച്ചഭക്ഷണം കഴിച്ച ചില സ്കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 19-ന്  സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും   തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും  കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു. 
കൂടുതലായും  എൽ.പി. വിഭാഗത്തിൽ  പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. 

എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മിഡ് ഡേ മീൽ സ്‌കീമിൻറെ ഭാഗമായി  ചോറും കറികളുമുൾപ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു  നൽകിയത്.  ഏകദേശം  തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അറുന്നൂറ്റി ഇരുപതോളം വിദ്യാർഥികൾ ആണ് ഉച്ചഭക്ഷണം കഴിച്ചത്. തുടർന്ന്  മുപ്പത്തിനാല് വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി.  ഇതിർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികൾ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ  പ്രാഥമിക പരിശോധനകൾക്ക് ശേഷം പിറ്റേന്ന് ( ജൂലൈ 20 ന് ) വിട്ടയച്ചു. എട്ട് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

ഇത്  സംബന്ധിച്ച് വിശദമായ അന്വേഷണം ജൂലൈ 20 ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്.ആർ. ദിലീപ് കുമാറിൻ്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തു നടത്തി. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ, പാചകമുറി, ഇവിടേക്ക് വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകൾ, കുട്ടികൾക്ക് കൈകഴുകാനും കുടിക്കാനും വെള്ളം സംഭരിച്ചു ലഭ്യമാക്കുന്ന സ്രോതസ്സുകൾ, പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും  സംഭരിച്ചു വച്ചിരിക്കുന്ന രീതി, അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ ടോയ്‌ലറ്റ് സംവിധാനം, സുരക്ഷിതമായ ശുചിമുറികളുടെ ലഭ്യത എന്നിവയെല്ലാം ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീമിൻറെയും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സ്‌കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ   പരിശോധിച്ചു.

ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, വിവിധ ജലസ്രോതസ്സുകൾ, പാചകത്തിനും കുട്ടികൾ വായ കഴുകുന്നതിനും മറ്റും   ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്കായി അയച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തയ്യാറാക്കുന്ന ഉച്ചഭക്ഷണത്തിൻ്റെ ചെറിയ ഒരു അംശം വിദ്യാലയങ്ങളിൽ പിറ്റേ ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതുവരെ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനം വേണ്ടതിൻ്റെ ആവശ്യകതയും ജില്ല ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് അടിയന്തിര സാഹചര്യത്തിൽ ഭക്ഷണം പരിശോധനക്ക് വിധേയമാക്കുന്നതിന് ഉപകാരപ്പെടും.

പാചകശാലകളിൽ ശുചിത്വം പ്രധാനം
വിദ്യാലയങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ  ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നതിനും കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധന നടത്തുകയും വേണം.

വിദ്യാലയങ്ങളിലെ ആഹാര പാനീയ ശുചിത്വ കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ പുലർത്തണം. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധീകരിച്ച ജലം ഉപയോഗിക്കണം.

ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ പലചരക്ക് സാധനങ്ങളും പച്ചക്കറികളും എലികളും മറ്റ് പ്രാണികളും കടക്കാതിരിക്കാൻ അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുക. കാലാവധി കഴിഞ്ഞതോ പൂപ്പലും മറ്റ് കീടങ്ങളുടെയും സാന്നിധ്യമുള്ളതോ ആയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്

ധാന്യങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകുക.
ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക. കുട്ടികൾക്ക് നൽകുന്ന പാൽ നന്നായി തിളപ്പിക്കുക. മുട്ട പുഴുങ്ങുന്നതിനു മുമ്പ് കഴുകി വൃത്തിയാക്കുക. മുട്ടത്തോട് നീക്കം ചെയ്യുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .

ആഹാരം തയ്യാറാക്കുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. നഖങ്ങൾ  വെട്ടി സൂക്ഷിക്കുന്നതടക്കമുള്ള ശുചിത്വ ശീലങ്ങൾ പാചക ജോലികൾ ചെയ്യുന്നവർ പാലിക്കണം.

സ്കൂളിൽ കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം വൃത്തിയുള്ള കുപ്പിയിൽ കൊണ്ടുവരുന്നുണ്ടെന്ന് ഉറപ്പാക്കുക. പൈപ്പിലെ വെള്ളവും മറ്റും കുടിക്കരുത് എന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകുക. 

സ്കൂളുകളിൽ കുട്ടികൾക്ക് നൽകാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്ന പക്ഷം എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന കലം പോലെയുള്ളവയിൽ സൂക്ഷിക്കുക. പാത്രം  സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രം വെള്ളം ശേഖരിക്കുക. വെള്ളം മുക്കിയെടുക്കുമ്പോൾ കൈകളിലെയും ഗ്ലാസിലെയും അഴുക്ക് വെള്ളത്തിൽ കലരാൻ ഇടയുണ്ട്. അതുകൊണ്ട് പിടിയുള്ള ജഗ് പോലെയുള്ള പാത്രങ്ങൾ ഉപയോഗിച്ച് പിടി വെള്ളത്തിൽ സ്പർശിക്കാത്ത രീതിയിൽ  വെള്ളം പകർന്നെടുക്കാൻ ശ്രദ്ധിക്കുക. വൃത്തിയുള്ള അടപ്പിന് മുകളിൽ ഈച്ച തൊടാത്ത വിധം മഗ് വൃത്തിയായി സൂക്ഷിക്കുക.

സ്കൂളുകളിലെ ശുചിമുറികളിൽ സോപ്പ് സൂക്ഷിക്കുക. ശുചിമുറി ഉപയോഗിച്ച ശേഷം കൈകൾ കഴുകേണ്ടതാണെന്ന നിർദ്ദേശം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക. ആഹാരം കഴിക്കുന്നതിനുമുമ്പും കുട്ടികൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നുവെന്ന്  ഉറപ്പാക്കുക.

date