Skip to main content

എലിപ്പനി രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക യഥാസമയം ചികിത്സ തേടുക

 

ആലപ്പുഴ: രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേിയില്ലെങ്കില്‍ മരണകാരണമാകാവുന്ന രോഗമാണ്
എലിപ്പനിയെന്ന മുന്നറിയിപ്പുമായി ജില്ല ആരോഗ്യ വിഭാഗം. വൃക്ക, കരള്‍
ശ്വാസകോശം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ച് ഗുരുതരമായ മഞ്ഞപ്പിത്തം, ശ്വാസകോശ ഹൃദയസംബന്ധമായ തകരാറുകള്‍ തുടങ്ങിയവ ഉണ്ടാക്കി ഗുരുതരാവസ്ഥയിലേക്ക് രോഗി എത്താന്‍ ഇടയുണ്ട്. എലിപ്പനി മൂലമുള്ള മരണമൊഴിവാക്കാന്‍ രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങള്‍ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.

രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവ എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങളാണ്. കടുത്ത ക്ഷീണം നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി
ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ സമ്പര്‍ക്കം ഉണ്ടാവുകയോ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടെങ്കിലോ ഡോക്ടറോട് ആ വിവരം പറയേണ്ടതാണ്. പനി,
പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പറഞ്ഞ് വേദനസംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നേരിട്ട് വാങ്ങി കഴിക്കുന്നത് രോഗം യഥാസമയം കണ്ടെത്താന്‍ കഴിയാതെ വരികയും രോഗം
ഗുരുതരമാകാനും ചികിത്സ സങ്കീര്‍ണ്ണമാക്കാനും ഇടയാക്കുന്നു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലെത്തി ചികിത്സ തേടുക. യഥാസമയം ചികിത്സ തേടുന്നതും
ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ കൃത്യമായി
കഴിക്കുന്നതും രോഗം ഗുരുതരമാകുന്നത് തടയും രോഗലക്ഷണങ്ങള്‍ കുറയുന്നില്ല എങ്കില്‍ ഡോക്ടറെ വീണ്ടും കാണുക. മലിനമായ മണ്ണിലും വെള്ളത്തിലും ഇറങ്ങാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അക്കാര്യം കൂടി ഡോക്ടറോട് പറയേണ്ടതാണ്. 

വളര്‍ത്തുമൃഗങ്ങളെയും സൂക്ഷിക്കുക
എലിപ്പനി എലി മാത്രമല്ല കാരണം എലിയുടെ മൂത്രത്തില്‍ കൂടി മാത്രമല്ല നായ, പൂച്ച, കന്നുകാലികള്‍ ഇവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. മൃഗങ്ങളില്‍ ഒരിക്കല്‍ എലിപ്പനി രോഗബാധ ഉണ്ടായാല്‍ രോഗാണുക്കള്‍ അവയുടെ വൃക്കകളില്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഇടയുണ്ട്. മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും എത്തുകയും മാസങ്ങളോളം നിലനില്‍ക്കുകയും ചെയ്യും. മൃഗങ്ങളിന്‍ രോഗലക്ഷണങ്ങള്‍ പ്രകടമായില്ലെങ്കിലും അവര്‍ രോഗാണു വാഹകരായി തുടരുന്നു .

എലിപ്പനി വരുന്ന വഴി 
കൈകാലുകളിലെ മുറിവുകളിലൂടെയും കണ്ണിലെയും വായിലെയും നേര്‍ത്ത തൊലിയിലൂടെയും രോഗാണുക്കള്‍ക്ക് ശരീരത്തില്‍ കടക്കാനാകും. പാദങ്ങളില്‍
വീണ്ടു കീറല്‍ ,നഖം വെട്ടിയ ശേഷം ഉള്ള ചെറിയ മുറിവുകളിലൂടെയും രോഗാണു പ്രവേശിക്കാം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ
കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക , കൃഷിപ്പണി , നിര്‍മ്മാണ പ്രവൃത്തി, പെയിന്റിങ്ങ് പണി എന്നിവ കഴിഞ്ഞ് വയലിലും മറ്റും
കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുഖം കഴുകുക, പണിയായുധങ്ങള്‍ കഴുകുക വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക ഇവയൊക്ക എലിപ്പനിക്ക്
കാരണമാകാം.

വൃത്തിഹീനമായ മണ്ണിലും കെട്ടികിടക്കുന്ന വെള്ളത്തിലും കളിക്കുന്നത്തിലൂടെ കുട്ടികളിലും രോഗബാധയ്ക്ക് സാധ്യതയുണ്ടാകുന്നു. മത്സ്യ സംസ്്കരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ നിരന്തരം വെള്ളവും ഐസുമായി സമ്പര്‍ക്കത്തില്‍ ആകുന്നതുമൂലം തൊലി നേര്‍ത്തതാകാനിടയുണ്ട്. ഇതും രോഗ സാധ്യത കൂട്ടുന്നു. അടുക്കളത്തോട്ട നിര്‍മ്മാണം, പൂന്തോട്ട നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെടുന്ന വീട്ടമ്മമാര്‍ 
ഉള്‍പ്പടെയുള്ളവരില്‍ രോഗ സാധ്യതയുണ്ട്. അതുകൊണ്ട് എലിപ്പനി തടയാന്‍ കയ്യുറ, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഇത്തരം പ്രവൃത്തനങ്ങളില്‍ ഏര്‍പ്പെടുക.

തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഹരിത കര്‍മ്മ സേന, കര്‍ഷകര്‍ ക്ഷീരകര്‍ഷകര്‍, ചെറുകുളങ്ങളില്‍ മീന്‍, പിടിക്കാന്‍ ഇറങ്ങുന്നവര്‍, കെട്ടിടം പണി ചെയ്യുന്നവര്‍
,വര്‍ക്ക് ഷോപ്പ് ജോലിക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വീടിനു ചുറ്റും നടവഴികളിലും വെള്ളം കെട്ടി നിന്ന്
അതുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ആണെങ്കില്‍ ഈ മഴക്കാലത്ത് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

അവല്, മലര് തുടങ്ങിയ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ചാക്കിലും മറ്റും തുറന്നു വയ്ക്കുന്ന നിലയില്‍ ആണെങ്കില്‍ എലി മൂത്രം കലരാനിടയുണ്ട്. ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും കുടിവെള്ളവും മറ്റും
അടച്ച് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. എലിപ്പനി രോഗ സാധ്യതയുള്ളവര്‍ ആരോഗ്യ
പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം എലിപ്പനിയെ പ്രതിരോധിക്കാന്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം (100 ാഴ ന്റെ രണ്ട് എണ്ണം) ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. ആഹാരം കഴിച്ചതിനു ശേഷം മാത്രം ഗുളിക കഴിക്കുക, ഗുളികയ്‌ക്കൊപ്പം ധാരാളം വെള്ളം
കുടിക്കുക.പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ പണിക്ക് ഇറങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ള ഹൈറിസ്‌ക് ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ തുടര്‍ച്ചയായി ആറ് മുതല്‍ 8 ആഴ്ചകള്‍ വരെ ഗുളികകള്‍ കഴിക്കേണ്ടതാണ്. പണി തുടരുന്നുണ്ടെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കഴിക്കുക.ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കാം.

മാലിന്യ സംസ്‌കരണം ശ്രദ്ധിക്കുക

എലിപ്പനി പോലെയുള്ള ജന്തു ജന്യ രോഗങ്ങള്‍ പെരുകുന്നത് ഒഴിവാക്കാന്‍ മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധപുലര്‍ത്തുക. വീട്ടിലുള്ള ജൈവമാലിന്യങ്ങള്‍
ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുക. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. ചപ്പുചവറുകള്‍ അലക്ഷ്യമായി കൂട്ടിയിടരുത്
.മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൃത്യമായി കൈമാറുക .
എലിപ്പനി ,പേവിഷബാധ തുടങ്ങിയ ജന്തു ജന്യ രോഗങ്ങള്‍ പെരുകുന്ന വിധം മാലിന്യം കൈകാര്യം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം 5000
രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന നിലയില്‍ പൊതു ഇടങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ
മാലിന്യം നിക്ഷേപിക്കുന്നത് പൊതുജനാരോഗ്യനിയമം 2023 പ്രകാരം മൂന്നുവര്‍ഷം വരെ തടവോ 25000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്

date