Skip to main content

*നിപ: ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ*

  ജില്ലയില്‍  നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി  പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ   നിയന്ത്രണങ്ങള്‍ക്ക്  പുറമേ അധിക നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വി. ആർ വിനോദ് ഉത്തരവിട്ടു.

 വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് .  രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്

 

*              പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

         

*              ജില്ലയില്‍ പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം

       

* പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കേണ്ടതില്ല. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

     

      ഇവ  ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

date