ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോട്ട് അഡ്മിഷൻ
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ടു വർഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ പ്രോഗ്രാമിൽ 2024-25 അധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 29 മുതൽ 31 വരെയുള്ള തീയതികളിൽ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/gci എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തിയും, പുതുതായി അപേക്ഷ ക്ഷണിച്ചു കൊണ്ടും സ്ഥാപനാടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ ജൂലൈ 31 നു നടത്തുന്നതാണ്. ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റം ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. നിലവിൽ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും.
പി.എൻ.എക്സ്. 3126/2024
- Log in to post comments