Skip to main content

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ കമ്മീഷൻ, പൊതുതെളിവെടുപ്പ് ജൂലൈ 30ന്

പട്ടികജാതി വിഭാഗത്തിലേക്ക് ഇതരവിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തുന്നതിലേക്കായി ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ ചെയർപേഴ്‌സൺ ആയ മൂന്നംഗ അന്വേഷണ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ പൊതുതെളിവെടുപ്പ് നടത്തുന്നു. ജൂലൈ 30 രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ഹിയറിങ് നടക്കുന്നത്.

ചരിത്രപരമായി പട്ടികജാതികളിൽ ഉൾപ്പെട്ടതും എന്നാൽ ഭരണഘടനയുടെ അനുഛേദം 341 പ്രകാരം രാഷ്ട്രപതി കാലാകാലങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകളിൽ പ്രതിപാദിച്ചിട്ടുള്ളതല്ലാത്ത മതങ്ങളിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളതുമായ പുതിയ ആളുകൾക്ക് പട്ടികജാതി പദവി അനവദിക്കുന്ന കാര്യം പരിശോധിക്കുക.

നിലവിലുള്ള പട്ടികജാതി ലിസ്റ്റിന്റെ ഭാഗമായി പുതിയ വ്യക്തികളെ കൂട്ടിച്ചേർക്കുന്നത് വഴി നിലവിലുള്ള പട്ടികജാതിക്കാരുടെ മേൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കുക

നിലവിലുള്ള പട്ടികജാതിക്കാർ മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തത് വഴി അവരുടെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, സാമൂഹികമായും മറ്റു പദവികളിലും ഉണ്ടായ വിവേചനങ്ങളും അടിച്ചമർത്തലുകളിലൂടെ ഉണ്ടായ മാറ്റങ്ങളും അവർക്ക് പട്ടികജാതി പദവി നൽകുന്ന വിഷയത്തിൽ അതിന്റെ പ്രത്യാഘാതവും പരിശോധിക്കുക.

കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ചും അതിന്റെ സമ്മതത്തോടും കൂടി കമ്മീഷന് ഉചിതമെന്ന് കരുതുന്ന ഇതര വിഷയങ്ങൾ പരിശോധിക്കുക, എന്നിവയാണ് അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ.

പരിഗണനാ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ജസ്റ്റിസ് ബാലകൃഷ്ണൻ അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരായി തെളിവുകൾ നൽകാവുന്നതാണ്. രേഖാമൂലമുള്ള നിവേദനങ്ങളും സമർപ്പണങ്ങളും chairperson-jbc-sje@gov.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്.

date